സമത്വത്തിന്റെയും സനേഹത്തിന്റെയും ഒരുമയുടെയും സഹോദര്യത്തിന്റെയും ഒത്തുചേരലുകൾ പകർന്ന ഇഫ്താർ വിരുന്നുകൾ അവസാന നാളുകളിലേക്ക്. . ഒരുമാസം നീണ്ട വ്രതശുദ്ധിയുടെ പുണ്യവുമായി 20നോ 21 നോ വൈകിട്ട് നോമ്പ് അവസാനിക്കുന്നതോടെ ഇഫ്താർ കൂടാരങ്ങളും ഓർമയാകും.

കോവിഡ് നഷ്ടമാക്കിയ 3 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇഫ്താർ വിരുന്നുകൾ സജീവമായത് . അതുകൊണ്ടു തന്നെ ഒത്തുചേരലുകളുടെ ആഘോഷമായി നോമ്പുകാലം മാറി. വിവിധ പ്രവാസി സങ്കടനകൾ അവരവരുടെ ഇഫ്താറുകൾ ഏറ്റവും മികച്ച ജനപങ്കാളിത്തത്തിലാക്കാൻ മത്സരിക്കുകയായിരുന്നു.

ദേശത്തിലും ഭാഷയിലും സംസ്‌കാരത്തിലും വ്യത്യസ്തത പുലർത്തുന്നവർ ഒരേ മനസ്സോടെ ഒരുമിച്ചിരുന്ന് നോമ്പു തുറക്കുന്നതാണ് ഇഫ്താർ സംഗമങ്ങളുടെ പ്രത്യേകതകളിലൊന്ന്. അപരിചിതത്വം ഇല്ലാതെ, സ്‌നേഹവും സമാധാനവും നിറയുന്ന ഇഫ്താർ വിരുന്നുകളിൽ പുതിയ സൗഹൃദങ്ങളും ഉടലെടുക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയായിരുന്നു പല ഇഫ്താർ വിരുന്നുകളും.



ജാതി, മത ഭേദമെന്യേ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക പ്രവാസികളും ആദ്യ ദിനം മുതലേ വ്രതം എടുക്കുന്നവരാണ്. അതുകൊണ്ടു തന്നെ നോമ്പ് തുറക്കാനെത്തുന്നവർക്കിടയിലും ജാതിമത വ്യത്യാസങ്ങളില്ല. മാനവ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന റമദാൻ മാസവും ഇഫ്താറും മത മൈത്രിയുടെ മറ്റൊരു ചരിത്രം കൂടി എഴുതി ചേർത്താണ് കടന്ന് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *