ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒമാൻ-കേരള സെക്ടറിൽ വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ.

മുൻ വർഷങ്ങളിൽ നാലിരട്ടി വരെ ടിക്കറ്റ് ഉയർന്നിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്തിൽ നിന്നു കോഴിക്കോട്ടേക്ക് നാളെ വരെ 37 റിയാലിന് ടിക്കറ്റുകൾ ലഭ്യമാണ്. 19, 20, തീയതികളിൽ 54 റിയാലാണ് ടിക്കറ്റ് നിരക്ക്. 21 മുതൽ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും . മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ ഇന്നു 35 റിയാൽ മാത്രമാണ് ടിക്കറ്റിന്. എന്നാൽ മറ്റന്നാൾ (19ന്) 64 റിയാലാകും. കൊച്ചിയിലേക്ക് നാളെ വരെ 42 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. 19ന് 71 റിയാലും 20ന് 81 റിയാലുമാണ് നിരക്ക്. തിരുവനന്തപുരം സെക്ടറിൽ നാളെ 18 വരെ 42 റിയാലിൽ താഴെയാണ് നിരക്ക്.

തുടർന്നുള്ള ദിവസങ്ങളിലും 71 മുതൽ 81 റിയാൽ വരെ ഉയരും. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും. മുൻ വർഷങ്ങളിൽ ഇതേ ദിവസങ്ങളിൽ 150 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കുകൾ. അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവർ കുറവാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. അവധി കുറഞ്ഞതും സ്‌കൂളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതുമാണ് കാരണങ്ങൾ. ജൂണിൽ സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് പറക്കാൻ കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

Leave a Reply

Your email address will not be published. Required fields are marked *