ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തെ പോലെ വിഷുവിനെ വരവേൽക്കാൻ ഒമാനിലെ മലയാളികളും ഒരുങ്ങി. കഴിഞ്ഞ രണ്ടു വർഷം കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വിഷു വിപുലമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം വിപുലമായി തന്നെ ആഘോഷിക്കാനാണ് പ്രവാസികളുടെ തീരുമാനം .
വാരാന്ത്യ അവധിദിനമായ ശനിയാഴ്‌ച വിഷു വന്നതിനാൽ ഇത്തവണ ഒട്ടുമിക്കവർക്കും ലീവ് എടുക്കാതെ തന്നെ വിഷു ആഘോഷിക്കാം.
വിഷുക്കണിയും, സദ്യയും ഒരുക്കുവാനുള്ള എല്ലാ സാധനങ്ങളും ഹൈപ്പർ മാർക്കറ്റുകളിൽ ദിവസങ്ങൾക്കു മുൻപ് തന്നെ എത്തിക്കഴിഞ്ഞു.
റമദാൻ മാസം ആയതിനാൽ മിക്ക ഹോട്ടലുകളിലും വിഷു സദ്യ ഒരുക്കുന്നില്ല , എന്നാൽ ചില ഹോട്ടലുകൾ , വിഷു സദ്യ പാർസൽ ആയി നൽകുന്നുണ്ട് .സദ്യക്കായി ഹോട്ടലുകളെ ആശ്രയിക്കുന്ന ബാച്ചലേഴ്‌സിനെ സംബന്ധിച്ച് ഇത്തവണയും വീടുകളിൽ തന്നെ സദ്യ ഒരുക്കേണ്ടി വരും .
കൂട്ടമായി ചേർന്ന് വീടുകളിൽ തന്നെ നാളെ സദ്യ ഒരുക്കാനായി ഇന്നലെ മുതൽ സാധനങ്ങൾ വാങ്ങാൻ വന്നവരുടെ നല്ല തിരക്കായിരുന്നു ഹൈപ്പർ മാർക്കറ്റുകളിൽ .
മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇത്തവണയും വിഷുക്കണി ദർശനം ഉണ്ടാകും . അതോടൊപ്പം വീടുകളിൽ മിക്കവരും കണി ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് . വിവിധ ലേബർ ക്യാമ്പുകളിൽ വിഷു ദിവസം സദ്യ ഒരുക്കിയിട്ടുണ്ട്.
ചില സൗഹൃദ കൂട്ടായ്മകൾ റംസാൻ നോമ്പ് അനുഷ്ഠിക്കുന്നവർക്കായി നാളെ ഇഫ്താറിന് വിഷു സദ്യയാണ് ഒരുക്കിയിട്ടുള്ളത്