മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു. മബേല നോർത്തിൽ ശറാദി ഫാം ഹൗസിൽ നടന്ന ഗ്രാൻഡ് ഫാമിലി ഇഫ്താറിൽ മബേല കെഎംസിസി പ്രവർത്തകരും അവരുടെ കുടുംബങ്ങളും മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം ആയിരത്തോളം ആളുകൾ പങ്കെടുത്തു.
വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ മുഖ്യ അതിഥിയായിരുന്നു. മുഹമ്മദ് സിഫ്സീറിന്റെ ഖിറാ അത്തോ ടുകൂടെ ആരംഭിച്ച പരിപാടിയിൽ ശാക്കിർ ഫൈസി റമദാൻ പ്രഭാഷണം നിർവഹിച്ചു.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ , മറ്റു കേന്ദ്ര കമ്മറ്റി ഭാരവാഹികളും വിവിധ ഏരിയാ കമ്മറ്റി നേതാക്കളും കുടുംബങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റി പ്രസിഡന്റ് സലിം അന്നാര,ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ എന്നിവരുടെ നേതൃത്വത്തിൽ മബേല കെഎംസിസി കമ്മറ്റി പ്രവർത്തകർ ഇഫ്താറിന് നേതൃത്വം നൽകി.
ഇഫ്താറിന് ശേഷം ഫാം ഹൗസിൽ നടന്ന മഗ്രിബ് നമസ്കാരത്തിന് മുഹമ്മദ് ഉവൈസ് വഹബി നേതൃത്വം നൽകി.