ഉയിർപ്പിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഒമാനിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രുഷകൾ നടന്നു.

മസ്‌കറ്റ് മൊർത്തശ്‌മൂനി യാക്കോബായ പള്ളിയിൽ ഉയർപ്പു പെരുന്നാൾ ശുശ്രൂഷകൾ ഇടവക മെത്രാപോലീത്ത HG Zacharias Mor Philoxenos തിരുമേനിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു..

ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ഒമാനിലെ ക്രൈസ്തവ സമൂഹം ദുഃഖ വെള്ളി ആചാരിച്ചിരുന്നു. മസ്കത്ത്, ഗാലാ, സലാല, സുഹാർ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ആരാധനയാണ് നടന്നത്.

ദേവാലയങ്ങളിൽ രാവിലെ മുതൽ നടന്ന ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും കാർമികത്വം വഹിച്ചു. യാമ പ്രാർഥനകൾ, പ്രദക്ഷിണം, കുരിശിന്റെ വഴി, സ്ലീബ വന്ദനം തുടങ്ങി വിവിധ ശുശ്രൂഷകളാണ് ദുഃഖ വെള്ളിയുടെ ഭാഗമായി നടന്നത്.

കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ അഭൂതപൂർവ തിരക്കാണ് എല്ലാ ദേവാലയങ്ങളിലും അനുഭവപ്പെട്ടത്. ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നുപോലും ധാരാളം വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കാനെത്തി. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ദിനമാണ് ദുഃഖവെള്ളിയും ഈസ്റ്റരും.

ദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി മസ്കത്തിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പ്രദിക്ഷണം നടന്നു.

ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. വർഗീസ് ടിജു ഐപ്പ്, സഹവികാരി ഫാ. എബി ചാക്കോ എന്നിവർ സഹകാർമികത്വം വഹിച്ചു. സെന്റ് മേരീസ്‌ ഓർത്തഡോക്സ് ഇടവകയിൽ യേശു തന്റെ ശിഷ്യന്മാരുടെ കാൽകഴുകിയതിനെ അനുസ്മരിച്ച് കാൽകഴുകൽ ശുശ്രൂഷ നടന്നു. ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മുഖ്യ കാർമികത്വം വഹിച്ചു. യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്‍റെ ഓര്‍മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരാചരണത്തിനു തുടക്കമായിരുന്നു. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്‍റെ ഉയിർത്തെഴുന്നേൽപിന്‍റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *