ഒമാനിലെ പൊതു പ്രവർത്തകനും കെഎംസിസി നേതാവുമായ മുഹമ്മദ് വാണിമേലിന്റ കുറിപ്പ് ശ്രദ്ധേയമാകുന്നു
മുഹമ്മദ് വാണിമേൽ ഫേസ്ബുക്കിൽ എഴുതുന്നു.
ജീവിതത്തിൽ പുലർത്തിയിരുന്ന ചിന്തകളും കാഴ്ചപ്പാടുകളും മാറിയ ഒരു കാലത്തെ അടയാളപ്പെടുത്തിയത് ഈ ഖബർസ്ഥാനിൽ നിന്നാണ്. ഈ മരു മണ്ണിൽ അന്തിയുറങ്ങുന്നവരിൽ ബന്ധുക്കളായി ആരും തന്നെ ഇല്ലെങ്കിലും, ഒരു കാലഘട്ടത്തിന്റെ ദശാസന്ധിയിൽ ഇവിടത്തെ മണ്ണോടലിഞ്ഞ വിദേശികളായ ഒരുപിടി ജനങ്ങളുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ഏറ്റവുമധികം പേരും കോവിഡ്‌കാലത്തെ യാത്രാ പ്രതിസന്ധി കാരണം ഇവിടെ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരാണ്. ഇവരിൽ കോവിഡ് ബാധിച്ച് മരിച്ചവരും അല്ലാത്തവരുമുണ്ട്.
സാധാരണ ഗൾഫിൽ ഒരാൾ മരണപ്പെട്ടാൽ മരിച്ച ആളിന്റെ മയ്യിത്ത് നാട്ടിലേക്കെത്തിക്കാൻ കഴിയുമോ എന്നതാവും സാധാരണയായി ആലോചിക്കുക. അവസാനമായി ഒരു നോക്ക് കാണുക എന്ന ഉദ്ദേശത്താൽ പ്രവാസികളുടെ കുടുംബങ്ങൾ മറ്റൊന്നും ആലോചിക്കാതെ ബോഡി നാട്ടിലെത്തിക്കാൻ തയ്യാറാവും. മക്കളുണ്ടെങ്കിൽ, പിൽക്കാലത്ത് ബന്ധുക്കൾക്ക് ഖബർ സന്ദർശ്ശനത്തിന്, അല്ലെങ്കിൽ മരിച്ചവരുടെ ഓർമ്മകളെ അവരവരുടെ കണ്ണെത്തും ദൂരത്ത് നിലനിർത്താൻ അങ്ങനെ കുറേയേറെ കാരണങ്ങളാലാണ് മയ്യിത്തുകൾ വലിയ തുക ഒടുക്കി സ്വദേശത്തേക്ക് കൊണ്ട് വരുന്നത്.
യാത്ര ചെയ്യാൻ തീരുമാനിച്ച ഒരു വിശ്വാസിക്ക് അവൻ എവിടെ വെച്ച് മരണപ്പെടുന്നോ ആ നാട്ടിൽ അന്തിയുറങ്ങുന്നതാണ് ഉചിതമെങ്കിലും മേൽപ്പറയപ്പെട്ട പല കാരണങ്ങളാലാണ് മൃതദേഹങ്ങൾ കയറ്റി അയക്കപ്പെടുന്നത്. എവിടെയായാലും ഭൗതിക ശരീരം ചേരുന്നത് മണ്ണിൽ തന്നെയാണ്. പിന്നെ എന്തിന് പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ നിന്ന് മൃതശരീരം നാട്ടിലേക്ക് കൊണ്ടു പോകണമെന്നത് മറ്റൊരു തലത്തിൽ ചർച്ച ചെയ്യേണ്ടതാണ്.
പ്രവാസത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാകും കുറച്ച് നാളത്തേക്ക് വിമാന യാത്ര ഒരിക്കൽ ഇല്ലാതാവുന്നത്. എന്റെ ഓർമ്മയിൽ വ്യക്തിപരമായി ബിസിനസിൽ വലിയ ക്ഷീണം വന്ന്, ഉണ്ടായിരുന്ന ജോലി പോലും രാജി വെച്ച് നിൽക്കുന്ന ഘട്ടത്തിലായിരുന്നു കോവിഡ് എന്ന മഹാമാരിയുടെ ഔദ്യോഗിക അറിയിപ്പ് എത്തുന്നത്. എയർപോർട്ടിന്റെ വാതിലുകൾ അടഞ്ഞ ആദ്യത്തെ ദിവസം രാത്രി ഒരു മയ്യിത്ത്, വിമാനം ഇല്ലാത്തതിനാൽ ഇവിടെ മറവ് ചെയ്യാൻ തീരുമാനിക്കുന്നു. മയ്യിത്ത് പരിപാലകനും സുഹൃത്തും കെ.എം.സി.സിയുടെ നേതാവു മായിട്ടുള്ള ഷമീർക്കയോടൊത്ത് രാത്രിയിലായിരുന്നു ഞങ്ങൾ എംബസിയിൽ നിന്നും പേപ്പർ വർക്കുകൾ കഴിഞ്ഞ് പുറത്തേക്ക് വരുന്നത്. പോലീസിൽ പോയി ബോഡിയുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തീർന്നത് കൊണ്ട് അപ്പോൾ തന്നെ ബോഡി മറവ് ചെയ്യാം എന്ന് കരുതി. കൂടെ അഞ്ചോ ആറോ പേർ മാത്രം.
ഖബർസ്ഥാനിൽ പോയി മയ്യിത്ത് മറവ് ചെയ്ത് മടങ്ങുമ്പോൾ നേരം രണ്ട് മണിയായിരുന്നു. ആദ്യമായി കോവിഡ് ബാധിച്ച് മരിച്ച തലശേരി സ്വദേശി അഷ്രഫ് എന്നവരുടെ മയ്യിത്തായിരുന്നു അത്. കോവിഡ് റിപ്പോർട്ട് തത്സമയം തന്നെ ലഭ്യമാകാനുള്ള സംവിധാനം ഇല്ലാത്തത് കൊണ്ട്, ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടായിരുന്നു മയ്യിത്ത് ഏറ്റുവാങ്ങിയത്. മറവ് ചെയ്ത് മൂന്നാം നാൾ വന്ന റിപ്പോർട്ട് പ്രകാരമാണ് ഒമാനിൽ മരണപ്പെട്ട മലയാളിയും ഇന്ത്യക്കാരനുമായ ആദ്യത്തെ വ്യക്തി അദ്ദേഹമാണെന്ന് കണക്കാക്കുന്നത്. ഫേസ് മാസ്ക് പോലും അന്ന് വിജ്ഞാപനം വന്നിട്ടുണ്ടായിരുന്നില്ലെന്ന് ഓർക്കണം.
പിന്നീട് നിരവധി മരണങ്ങൾ, മയ്യിത്തുകൾ, ദഹിപ്പിക്കേണ്ടവ, കുളിപ്പിക്കാൻ കഴിയാത്തവ, ആതമഹത്യ, അപകട മരണങ്ങൾ അങ്ങനെ വിമാനം റദ്ദ് ചെയ്തതിനാൽ ചുരുങ്ങിയത് ദിവസം മൂന്നും നാലും മൃതദേഹങ്ങൾ വരെ ഉണ്ടായിരുന്നു. മറക്കാൻ കഴിയാത്ത ഒരു ഓർമ്മയാണത്. ആ കാലഘത്തിലൂടെ കടന്നു വന്ന് പൂർണ്ണമല്ലെങ്കിലും വലിയ പ്രതിസന്ധികളിൽ നിന്നും നമ്മുടെ യാത്രകൾ, ജോലി ചെയ്യാനുള്ള മാർഗ്ഗങ്ങൾ എല്ലാം തുറന്ന് കിടക്കുമ്പോൾ പാകപ്പെട്ട ഒന്നുണ്ട് അത് നമ്മുടെ മനസാണ്.
ഓർക്കുമ്പോൾ പടച്ച റബ്ബ് കരുണയുള്ളവനും, കാവൽ നൽകുന്നവനുമാണ് എന്ന ചിന്ത മാത്രമാണ് ഉള്ളിൽ നിറയാറുള്ളത്. എന്ത് ചെയ്യും, എവിടെ ചെന്ന് ചേരും എന്നറിയാൻ കഴിയാത്ത വലിയ ഒരു പരീക്ഷണത്തിലൂടെ, ഒന്നുമില്ലാത്തവരാക്കി മാറ്റി നമ്മെ പാഠം പഠിപ്പിച്ചു. ഓരോ കാലഘട്ടവും, സംഭവവികാസങ്ങളും തന്റെ സൃഷ്ടികൾക്ക് പഠിക്കാനും മനസിലാക്കാനുമുള്ള അവസരമാക്കി അവൻ പോറ്റി പുലർത്തുകയായിരുന്നു.
ഈ ഖബർസ്ഥാൻ വ്യക്തിപരമായി എനിക്ക് എന്റെ ഉപ്പാപ്പയും ഉമ്മായും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അന്തിയുറങ്ങുന്ന മണ്ണിനേക്കാൾ ഇഴയടുപ്പമുള്ള മണ്ണാണ്. ഇവിടെ അന്തിയുറങ്ങുന്ന പലരുടെയും കവിളിൽ ചേർത്തു വെച്ച അവസാനത്തെ ഒരു പിടി മണ്ണിൽ എന്നെ പോലുള്ള ഒരു കൂട്ടം സുഹൃത്തുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും കൈവിരലുകൾ പതിഞ്ഞിട്ടുണ്ട്. ഫോണിൽ സംസാരിച്ചും, മറ്റും മാത്രം ബന്ധമുള്ളവർ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ, അവരുടെ ബന്ധുക്കൾക്ക് വേണ്ടി അവരിൽ ഒരാളായി കർമ്മങ്ങൾക്ക് നേതൃത്വം നൽകിയ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ. എല്ലാറ്റിലുമുപരി ഏത് പാതിരായ്ക്ക് വിളിച്ചാലും ഖബറിന്റെ കാര്യം എറ്റെടുക്കുന്ന ഖബർസ്ഥാൻ ജീവനക്കാരൻ മൂസക്കയും സഹപ്രവർത്തകരും അവരിൽ ഒരാളായി മസ്കത്തിലെ എന്റെ പ്രവാസം എന്റെ ആത്മാവുമായി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരടുപ്പത്തിലാണ്. ഇവിടെ എത്തുമ്പോൾ വിഷമിച്ചു മരിച്ചു പോയ ഒട്ടേറെ പേരുടെ മുഖങ്ങൾ ഓർമ്മയിലെത്താറുണ്ട്..