തിങ്കളാഴ്ച രാത്രി മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ഇടിയോടുകൂടി കനത്ത മഴ പെയ്തു. ശര്‍ഖിയ, ബാത്തിന , ദാഹിറ , ദാഖിലിയ, മുസന്ദം , ബുറൈമി എന്നിവടങ്ങളിലെല്ലാം ശക്തമായ മഴയും വെള്ളക്കെട്ടും അനുഭവപ്പെട്ടു. ഇവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു
മഴ കനത്തതോടെ പലയിടങ്ങളിലും നിരവധി വാദികള്‍ നിറഞ്ഞുകവിഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. വായു മര്‍ദ്ദമാണ് മഴയക്ക് കാരണമായത്.
അല്‍ ഹംറ, ഇബ്രി, ശിനാസ്, നിസ്‌വ, സമാഇല്‍, റുസ്താഖ്, ഇസ്‌ക്കി, ഖാബൂറ, ഖസബ്, ഇബ്രി, വാദി ഹഖീല്‍, മിര്‍ബാത്ത്, യങ്കല്‍, മദ്ഹ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ പെയ്തത്. വാദികള്‍ നിറഞ്ഞുകവിഞ്ഞതോടെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. മേഘം മൂടിയത് പ്രധാന റോഡുകളില്‍ കാഴ്ച പരിധി കുറയാനിടയാക്കി.
അതേസമയം, മഴ ബുധനാഴ്ചയും തുടരുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയില്‍ വാദിയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു. മറ്റൊരു സംഭവത്തില്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനവുമായി വാദിയില്‍ കുടുങ്ങിയ നാലംഗ സംഘത്തെയും രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം എത്തിയാണ് രക്ഷപ്പെടുത്തിയത്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ വാഹനം വാദിയില്‍ ഇറക്കുകകയോ മുറിച്ച് കടക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി നല്‍കി. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആമിറാത്ത്, ഖുറിയാത്ത് വിലായത്തുകളില്‍ ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.