ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വാർഷിക പരീക്ഷാ കാലം. ചില വിദ്യാലയങ്ങളിൽ ഇതിനോടകം പരീക്ഷകൾ ആരംഭിച്ചു. മറ്റു സ്‌കൂളിൽ മാർച്ച് ആദ്യ വാരത്തോടെയും പരീക്ഷകൾ നടക്കും. പത്ത്, 12 ക്ലാസ്സുകളിലെ പരീക്ഷകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പത്താം തരം പരീക്ഷ മാർച്ച് 21നും 12ാം തരം ഏപ്രിൽ അഞ്ചിനും അവസാനിക്കും.
ബോർഡ് പരീക്ഷകളിലെ ഭാഷാ വിഷയങ്ങൾ, പെയ്ന്റിംഗ്, മ്യൂസിക് തുടങ്ങിയ പാഠ്യാനുബന്ധ വിഷയങ്ങൾ എന്നിവ പൂർത്തിയായി. രണ്ട് വർഷത്തിന് ശേഷം വീണ്ടും പരീക്ഷകൾ പൂർണമായി കൊവിഡിന് മുമ്പുള്ള രീതികളിലേക്ക് മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കഠിനമായ പരിശീലനങ്ങളിലായിരുന്നു വിദ്യാർഥികൾ. ഇവരെ സഹായിച്ച് അധ്യാപകരും രക്ഷിതാക്കളും കൂടെയുണ്ട്.
ഇതിനിടെ, വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ ഒമ്പതാം തരം പരീക്ഷകൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് ആദ്യവാരം മുതൽ 15 വരെയുള്ള ദിവസങ്ങളിലായി നടക്കും. വിദ്യാലയങ്ങള്ളിൽ വെച്ച് തന്നെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ ഉപയോഗിച്ചാണ് പരീക്ഷകൾ.
11ാം ക്ലാസ്സിലെയും വാർഷിക പരീക്ഷ വരും ദിവസങ്ങളിൽ പൂർത്തിയാകും.
ചോദ്യപേപ്പറുകൾ തയാറാക്കുന്നതുൾപ്പെടെ പരീക്ഷക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഇതിനകം വിദ്യാലയങ്ങളിൽ പൂർത്തിയായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്തിന് ശേഷം രാജ്യത്തെ വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർഥികൾ നേരിട്ട് കാമ്പസുകളിലെത്തി പരീക്ഷ എഴുതുകയാണ് ഇത്തവണ. അതുകൊണ്ട് തന്നെ കൊവിഡിന് മുമ്പുള്ള രീതിയിൽ തന്നെയാണ് പരീക്ഷയുടെ നടത്തിപ്പ്.
അടുത്ത മാസം മൂന്നാം വാരത്തോടെ മുഴുവൻ സ്‌കൂളുകളിലും പരീക്ഷ അവസാനിക്കും. തുടർന്ന് വിദ്യാലയങ്ങൾ അടക്കും. വിവിധ സ്‌കൂളുകളിൽ 10 മുതൽ 20 ദിവസം വരെ അവധി ലഭിക്കും. 2023- 24 പുതിയ അധ്യയന വർഷത്തിലാണ് പിന്നെ തുറക്കുക. ഏപ്രിൽ ആദ്യ വാരത്തിലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക. തുടർന്ന് മധ്യവേനൽ അവധിക്കായി ജൂണിൽ വിദ്യാലയങ്ങൾ അടക്കും.