ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി ഷമീർ പി ടി കെ ഫേസ്ബുക്കിൽ എഴുതുന്നു

യാസ്മിൻ മുഹമ്മദ് ഷെയ്ഖ്
മുംബൈ

ഇന്ന് മുതൽ സ്ഥിരവിലാസം:
നമ്പർ: 12072
അൽ അമിറാത്ത് ശ്‌മശാനം
മസ്കത്ത് മുനിസിപ്പാലിറ്റി
ഒമാൻ

ജനുവരി 30 നായിരുന്നു യാസ്മീന്റെ തൊഴിലുടമ വിളിക്കുന്നത്. 2023 ജനുവരി 2 നു അൽ ഖൂദിൽ നടന്ന ഒരു വാഹനാപകടത്തിൽ റോഡ് മുറിച്ച് കടക്കവെ മരണപ്പെട്ട കാൽനടയാത്രക്കാരിയെ തിരിച്ചറിയാത്ത മൃതദേഹമായി മോർച്ചറിയിലേക്ക് മാറ്റുകയും 4 ആഴ്ചകൾക്ക് ശേഷം പോലീസ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് അദ്ദേഹത്തെ ബന്ധപ്പെട്ട വിവരം അറിയിക്കുവാനുമായിരുന്നു അത്.

മുംബൈ സ്വദേശിനിയായ യാസ്മിൻ 2022 ജൂൺ 10 നാണു സന്ദർശക വിസയിൽ ആദ്യമായി ഒമാനിൽ എത്തിയത്. ജൂൺ 29 ന് ഒരു സ്വദേശി കുടുംബത്തിന്റെ രണ്ട് വർഷത്തേക്കുള്ള ഗാർഹിക തൊഴിൽ വിസയിലേക്ക് മാറുകയും ചെയ്തു. 2022 ആഗസ്റ്റ് 4 ന് തൊഴിൽ ചെയ്ത്‌ കൊണ്ടിരുന്ന വീട്ടിൽ നിന്നും പുറത്തേക്ക് വന്ന യാസ്മിൻ തിരിച്ച് ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് തൊഴിലുടമ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് നാട്ടിലേക്കുള്ള തിരിച്ചു പോക്ക് സാധ്യമാക്കുവാൻ യാസ്മിൻ ഇന്ത്യൻ എംബസ്സിയെ സമീപിക്കുകയും അതിന്റെ നടപടികക്രമങ്ങൾ പൂർത്തീകരിച്ച് എംബസ്സി ജനുവരി യിൽ യാസ്മീനെ ബന്ധപ്പെടുവാൻ ശ്രമിക്കുകയുമുണ്ടായി. തുടർച്ചായി എംബസ്സി യാസ്മീന്റെ ഫോൺ നമ്പറിൽ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്നാണ് പറയുക. കോമാളികൾ ചിരിപ്പിക്കുന്നവരല്ലേ. മരണം ആരെയെങ്കിലും ചിരിപ്പിച്ചിട്ടുണ്ടോ? യാത്ര രേഖകളൊക്കെ ശരിയാക്കി നാട്ടിലേക്ക് പോകുവാൻ തയ്യാറാകുവാനുള്ള അറിയിപ്പുമായി ആളെ തേടുമ്പോൾ ആൾ ഇതൊന്നുമറിയാതെ മോർച്ചറിയിലെ മരവിപ്പിൽ നിന്നും മോക്ഷം കാത്തിരിക്കുകയായിരുന്നു.

തൊഴിലുടമയിൽ നിന്നും പാസ്സ്പോർട്ടും തൊഴിൽമന്ത്രാലയത്തിൽ നൽകിയ റിപ്പോർട്ടിന്റെ കോപ്പിയും ഏറ്റുവാങ്ങി. തുടർന്ന് മുംബൈയിലുള്ള യാസ്മീന്റെ കുടുംബവുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള സമ്മതപത്രം ആവശ്യപ്പെട്ടപ്പോൾ, ഇവിടെ തന്നെ മറവ് ചെയ്യാനായിരുന്നു കുടുംബം ആവശ്യപ്പെട്ടത്.രേഖകൾ എല്ലാം ശരിയാക്കി. 38 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ഭീമമായ ചാർജ്ജ് പൂർണ്ണമായും ഒഴിവാക്കി ആർ ഓ പി ഹോസ്പിറ്റൽ അധികൃതരും സഹായിച്ചു. ഒരു പാട് പ്രതീക്ഷകളുമായി കുടുംബം പോറ്റുവാൻ 7മാസം മുൻപ് കടൽ കടന്ന യാസ്മീൻ ഇന്ന് ജുമുഅക്ക് ശേഷം അമിറാത്തിലെ ശ്‌മശാനത്തിലെ മണ്ണിലേക്ക് അലിഞ്ഞു.

ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന ജലകണങ്ങള്‍ പോലെ ക്ഷണികമാണ് ജീവിതമെന്ന് മഹാഭാരതം പറയുന്നുണ്ട്. മനുഷ്യന്‍ ഒരു പിടി മണ്ണു മാത്രമാണെന്നും അവന്റെ ദിവസങ്ങള്‍ പുല്ലുപോലെയും വയലിലെ പുഷ്പം പോലെയുമാണെന്നും ഒരു ചുടുകാറ്റ് അടിച്ചുവീശിയാല്‍ അവന്‍ ഉണങ്ങിപ്പോകുമെന്നും മനസ്സിലാക്കിയാവണം നാം ജീവിക്കേണ്ടത് എന്ന് ബൈബിളും ഓര്‍മപ്പെടുത്തുന്നു. ഭൗതിക ജീവിതവും അതിലെ വിഭവങ്ങളും അതിനിസ്സാരമാണെന്ന് ഖുര്‍ആനും നാടുവിട്ടിറങ്ങിയ പരദേശിയുടേതു പോലെയോ യാത്രക്കിടയില്‍ വിശ്രമത്തിനായി സത്രത്തില്‍ തങ്ങിയ വഴിയാത്രക്കാരന്റേതു പോലെയോ ആണ് ജീവിതമെന്ന് മുഹമ്മദ് നബി(സ)യും പറയുന്നുണ്ട്.

ജീവിതം എന്ന്, എവിടെ, എങ്ങനെ അവസാനിക്കുമെന്ന ചോദ്യങ്ങളുടെ മുമ്പില്‍ എത്ര വലിയ ശക്തരും നിസ്സഹായരാണ്.

യാസ്മീനു സർവ്വ ശക്തൻ പൊറുത്ത് കൊടുക്കട്ടെ … ആമീൻ

ഷമീർ പി ടി കെ
മസ്കത്ത്

Leave a Reply

Your email address will not be published. Required fields are marked *