ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. മദ്യത്തിനു വിലകൂട്ടി. വാഹന നികുതിയും വര്‍ധിപ്പിച്ചു. വൈദ്യുതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. വാണിജ്യ- വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വിവിധ അപേക്ഷാ ഫീസുകളും കൂട്ടി. വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ചുമത്തുന്നത്. കുടുംബ ബജറ്റ് തകര്‍ക്കുന്ന ബജറ്റ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഇന്ധന നിരക്കു വര്‍ധനയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം.

രണ്ടു ലക്ഷം രൂപ വിലയുള്ള പുതിയ മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റ തവണ നികുതി രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമുണ്ടാക്കും. അഞ്ചു മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്കു രണ്ടു ശതമാനമാണു നിരക്കു വര്‍ധന. അഞ്ചു ലക്ഷം രൂപ വരെയും 15 ലക്ഷത്തിനു മുകളിലും വിലയുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനമാണു വര്‍ധന. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വാഹനവിലയുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനായി കുറച്ചു. പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വര്‍ദ്ധിപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് 100 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപ എന്നീ നിരക്കിലാണു വര്‍ധിപ്പിച്ചത്.

ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണി മൂല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ 30 ശതമാനംവരെ കൂട്ടും. കെട്ടിടം നിര്‍മാണത്തിനുള്ള അപേക്ഷയ്ക്കും പെര്‍മിറ്റിനുമുള്ള ഫീസ് വര്‍ധിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കു പ്രത്യേക സെസ്. പണയാധാരങ്ങള്‍ക്ക് നൂറു രൂപ സര്‍ച്ചാര്‍ജ്. കെട്ടിട നികുതി വര്‍ധിപ്പിച്ചു. ഒന്നിലേറെ വീടുള്ളവര്‍ക്ക് അധിക നികുതി. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു.

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ല. 1600 രൂപ വീതം 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്. തദ്ദേശ പദ്ധതി വിഹിതം ഉയര്‍ത്തി 8,828 കോടിയാക്കി ഉയര്‍ത്തി. ലൈഫ് മിഷന്‍ പദ്ധതിക്കായി 1436.26 കോടി രൂപ. ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. 480 ആശുപത്രികളില്‍ സേവനം ലഭിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ. 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്ക്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കും.

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ. മെയ്ക്ക് ഇന്‍ കേരള പദ്ധതിക്കായി 1000 കോടി രൂപ അധികമായി അനുവദിക്കും. സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പ്. ഇതിനായി പിപിപി മോഡല്‍ കമ്പനി രൂപീകരിക്കാന്‍ 50 കോടി രൂപ. വിനോദസഞ്ചാര മേഖലക്ക് 362.15 കോടി രൂപ അനുവദിച്ചു. തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങള്‍ക്കായി എട്ടു കോടി. അന്തര്‍ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപ. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടി രൂപ. ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.

പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടിരൂപ. കെ ഫോണിന് 100 കോടി രൂപ. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.5 കോടി. ടെക്നോ പാര്‍ക്കിന് 26 കോടി രൂപയും ഇന്‍ഫോപാര്‍ക്കിന് 35 കോടി രൂപയും മാറ്റിവച്ചു. വിഴിഞ്ഞം തുറമുഖത്തിനു ചുറ്റും വ്യവസായി ഇടനാഴി. കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. വന്യ ജീവികള്‍ ജനവാസമേഖലയിലേക്കു കടക്കുന്നത് തടയാന്‍ രണ്ടു കോടി രൂപ. വന്യജീവി ആക്രമണങ്ങളിലെ നഷ്ട പരിഹാര തുക വര്‍ധിപ്പിക്കും.

ശബരിമല മാസ്റ്റര്‍ പ്ലാനിനു 30 കോടി. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കല്‍ വികസനത്തിന് രണ്ടര കോടി രൂപയും വകയിരുത്തി.

വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തനതു വരുമാനം ഈ വര്‍ഷം 85,000 കോടി ആകും. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി.

കേരളം കടക്കെണിയില്‍ അല്ലെന്നു ധനമന്ത്രി. കേന്ദ്ര ധന നയം പ്രതികൂലമാണ്. വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്. എന്നാല്‍ കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തിനു കടമെടുക്കാനുള്ള പരിധി 2700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. നികുതി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത് പെട്രോളും മദ്യവുമാണ്. മന്ത്രി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില വര്‍ധന സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കും. ഇന്ധന വിലക്കയറ്റത്തില്‍ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറച്ചിരുന്നില്ല. റോഡ് സെസ് എന്ന പേരില്‍ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയമായ നികുതി വര്‍ദ്ധനയാണ് ബജറ്റിലുള്ളത്. വിലക്കയറ്റം രൂക്ഷമായിരിക്കേ പെട്രോളിനും ഡീസലിനും സെസ് ചുമത്തിയത് ജനങ്ങളെ കൊള്ളയടിക്കലാണ്. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരം തുടങ്ങുമെന്നും സതീശന്‍.

ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യങ്ങളാണ് ഇവിടെ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കിഫ്ബി വായ്പകളുടെ ദുരന്തമാണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *