*ഭൂമി ന്യായവില 20 ശതമാനം വർധനവ്; മോട്ടോർ വാഹന നികുതി, കെട്ടിട നികുതി കൂട്ടി, ക്ഷേമ പെൻഷനിൽ വർധനവില്ല*
*പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും*
*ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു*
*ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് സെസ്*
*ഫ്ലാറ്റ്-അപ്പാർട്ട്മെന്റ് മുദ്രപത്ര വില കൂട്ടും*
*സ്റ്റേജ് ക്യാരിയറുകളുടെ നികുതി കുറക്കും*
*ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി*
*മോട്ടോർ വാഹന ഒറ്റനികുതി രണ്ട് ശതമാനം കൂടും*
*വൈദ്യുതി തീരുവ വർധിപ്പിച്ചു*
*തദ്ദേശ കെട്ടിട നികുതി പരിഷ്കരിക്കും*
*കോടതി ഫീസുകൾ വർധിപ്പിക്കും*
സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. സാമൂഹ്യക്ഷേമ പെൻഷനിൽ വർധനവില്ല. മോട്ടോർവാഹന നികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചു. കേരളം വളർച്ചയുടെ പാതയിലാണെന്നും ആഭ്യന്തര ഉൽപാദനം കൂടിയതായും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. വിലക്കയറ്റം നേരിടാനുള്ള വിപണി ഇടപെടലിനായി 2000 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പറഞ്ഞു. റബ്ബർ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയാക്കി വർധിപ്പിച്ചു. മേയ്ക് ഇൻ കേരളക്കായി ഈ വർഷം 100 കോടി മാറ്റിവെച്ചു. വിഴിഞ്ഞത്ത് വ്യാവസായിക ഇടനാഴിക്ക് സംസ്ഥാന ബജറ്റിൽ 1000 കോടി വകയിരുത്തി.
പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക. സാമൂഹ്യ സുരക്ഷാ ഫണ്ടിനായാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.
വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
സംസ്ഥാന ബജറ്റിൽ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചതായി പ്രഖ്യാപനം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ നികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുുടെ നികുതി രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. സാധാരണക്കാരന്റെ നടുവെടിക്കുന്ന തരത്തിലുള്ള നികുതി വർദ്ധനവിലൂടെ ഖജനാവിലേക്ക് കോടി കണക്കിന് പണമാണ് സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്ക് പുറമെ, പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയിൽ രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്‌ക്ക് ഒരു ശതമാനവും നികുതി വർദ്ധനവാണ് വരുത്തുന്നത്. ഇത് വഴി 340 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.