ജബൽ ശംസ് റോഡ് ഉപയോഗിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി.

റോഡിൽ ചെളിയും നനഞ്ഞ മണ്ണും ഉള്ളതിനാൽ തെന്നിമാറാൻ സാധ്യതയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.താപനില കുറഞ്ഞ് മൈനസ് ഡിഗ്രിയിൽ എത്തിയതോടെ ഇവിടുത്തെ കൊടും തണുപ്പാസ്വദിക്കാൻ സ്വദേശികളും വിദേശികളുമടക്കമുള്ളവരുടെ ഒഴുക്കാണുള്ളത്.

കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകളാണ് ഇവിടെ വാഹനങ്ങളിൽ എത്തിയത്. പലരുടേയും വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. ജബൽ ശംസിലേക്കുള്ള പാതയിൽ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു.

ഏറെ അപകടങ്ങൾ പതിയിരിക്കുന്നതാണ് ജബൽ ശംസിലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർ വീലർ വാഹനങ്ങൾ ആവശ്യമാണ്. ചെങ്കുത്തായ റോഡുകളും റോഡുകളിലെ വളവുകളും തിരിവുകളും ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പലയിടത്തും റോഡുകളിൽ ചെമ്മണ്ണാണുള്ളത്.

അതിനാൽ പരിചയ സമ്പന്നരായ ഡ്രൈവർമാരാണ് ജബൽ ശംസിലേക്ക് വാഹനം ഒാടിക്കേണ്ടത്. ജബൽ ശംസിൽ ബുധനാഴ്ച രാവിലെ മൈനസ് നാല് ഡിഗ്രിയായിരുന്നു താപനില. ഇതോടെ മഞ്ഞ് പൊഴിയലും ശക്തമായി.
( അവലംബം റോയൽ ഒമാൻ പോലീസ് )


Leave a Reply

Your email address will not be published. Required fields are marked *