ജബൽ അൽ ഷംസിൽ മഞ്ഞുപെയ്യുന്നു
താപനില വീണ്ടും കുറഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ ശംസിൽ മഞ്ഞ് പൊഴിയുന്നത് ശക്തമായി തുടരുന്നു.
മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് രാവിലെ ഇവിടെ രേഖപ്പെടുത്തിയത്. മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലത്തെ താപനില. 2003ൽ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 2015 ജനുവരിയിൽ ആണ്. മൈനസ് 9.7 ഡിഗ്രി സെൽഷ്യസ് അന്ന് ഇവിടെ അനഭവപ്പെട്ട താപനില.
മസ്‌കത്തിൽ പരമാവധി താപനില 21ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസും ആയിരിക്കും.സുഹാറിലും സൂറിലും താപനില സമാനമായിരിക്കും. അതേസമയം സലാലയിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലേതുപോലെ താപനിലയിൽ കുറവുവരുമെന്നാണ് കരുതുന്നത്.
ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ, ദോഫാർ തീരങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തൊണ്ടയിലെ അണുബാധ, പനി തുടങ്ങിയ ജലദോഷവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഒഴിവാക്കാൻ ജബൽ ശംസിലെ സന്ദർശകർ ഉചിതമായ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.