ഒമാനിലെ നാല് ഗവർണറേറ്റുകളിൽ ഫെസ്റ്റിവലുകൾ പ്രഖ്യാപിച്ച് ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലായിരിക്കും പരിപാടികൾ നടത്തുകയെന്ന് ടൂറിസം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫെസ്റ്റിവലിൽ വിവിധ പരിപാടികൾ നടക്കും.
ജനുവരി 29 മുതൽ ഫെബ്രുവരി നാലു വരെ വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിലെ ശർഖിയ സാൻഡ്സിൽ ഡിസേർട്ട് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഗവർണറേറ്റിൽ പൊതുവെ ശൈത്യകാല വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഡെസേർട്ട് അഡ്വഞ്ചേഴ്‌സ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് അൽ ബുസൈദി പറഞ്ഞു.

ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി മൂന്ന് മുതൽ 19 വരെ തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ മന്ത്രാലയം നടത്തും. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിലും നൂറ്റാണ്ടുകളായി കപ്പൽ നിർമാവണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമെന്ന നിലയിലും സൂർ വിലായത്തിന്റെ ചരിത്രപരവും വർത്തമാനകാലവുമായ പങ്ക് ഈ ഉത്സവം എടുത്തുകാണിക്കും. സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, കടൽ യാത്രകളുടെ അനുകരണം എന്നിവ ഫെസ്റ്റിവൽ അവതരിപ്പിക്കും.

ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നുവരെ ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ദോഫാർ ഗവർണറുടെ ഓഫീസ്, ദോഫാർ നഗരസഭ, ചെറുകിട, ഇടത്തരം വ്യവസായ വികസന അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ശൈത്യകാല വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം, ദോഫാറിനെ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നുണ്ട്.

ഫെബ്രുവരി 23 മുതൽ മാർച്ച് നാലു വരെ ദാഖിലിയ ഗവർണറേറ്റിന്റെ വാർഷിക ഉത്സവവും മന്ത്രാലയം സംഘടിപ്പിക്കും. നിരവധി സാംസ്‌കാരിക, പൈതൃക, വിനോദ, സാഹസിക പരിപാടികൾ ഉണ്ടാകും. പ്രാദേശിക വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുക, പൈതൃകവും ടൂറിസം സൈറ്റുകൾ പ്രോത്സാഹിപ്പിക്കുക, ടൂറിസം ഭൂപടത്തിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണച്ച് പ്രാദേശിക സമൂഹത്തിന് കൂടുതൽ ഗുണം നൽകുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് അസ്സാൻ ബുസൈദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *