ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. ഇന്ന് രാത്രിയോടെ വിജയികളേയും പ്രഖ്യാപിക്കും.
15 അംഗ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ 15 പേരാണ് ഇന്ത്യൻ സ്‌കൂൾ ബി.ഒ.ഡി അംഗങ്ങൾ.
തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ് പിന്നീട് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. 7,260 വിദ്യാർഥികൾ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ 4,963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്.
മുൻവർഷത്തെ കണക്ക്വെച്ച് നോക്കുമ്പോൾ ഇത്തവണം 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ് കരുതുന്നത്.
പി.ടി.കെ ഷമീർ, സജി ഉതുപ്പാൻ, പി.പി.നിതീഷ് കുമാർ , കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എന്നീ ആറുമലയാളികളുൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.



