"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മത്സരിച്ച ആറ് മലയാളി സ്ഥാനാർഥികളിൽ മൂന്ന് പേർക്ക് അഭിമാനകരമായ വിജയം . പി.ടി.കെ ഷമീർ , പി.പി.നിതീഷ് കുമാർ , കൃഷ്ണേന്ദു എന്നിവരാണ് ജയിച്ച മലയാളികൾ , ഇവർക്ക് പുറമെ നിലവിലെ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യം, ബോർഡ് അംഗം സൽമാൻ എന്നിവരും വിജയിച്ചു .
പി.ടി.കെ ഷെമീറിന് 540 വോട്ടും, കൃഷ്ണേന്ദുവിന് 410 വോട്ടും , നിതീഷിന് 402 വോട്ടും ലഭിച്ചു . അത് സമയം ഏറ്റവും അധികം വോട്ടുകൾ ലഭിച്ചത് നിലവിലെ ബോർഡ് അംഗം കൂടിയായ സൽമാനാണ് , സൽമാന് 616 വോട്ടുകൾ ലഭിച്ചു .
നിലവിലെ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യത്തിന് 344 വോട്ടുകളും ലഭിച്ചു . മറ്റ് മലയാളി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ സജി ഉതുപ്പാൻ 213 , സിജു തോമസ് 68 , അജയ് രാജ് 10 എന്നിങ്ങനെയാണ് . ആകെയുള്ള 4963 വോട്ടുകളിൽ 3356 പേരാണ് വോട്ടു രേഖപ്പെടുത്തിയത് , 67.6% മാണ് പോളിംഗ് ശതമാനം . 66 വോട്ടുകൾ അസാധുവായി .രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു പോളിംഗ് ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ പ്രധാന ഹാളിൽ പത്തു ബൂത്തുകളിലാണ് പോളിംഗ് നടന്നത് . രാവിലെ തന്നെ നിരവധി രക്ഷിതാക്കൾ വോട്ടു ചെയ്യാനായി എത്തിയിരുന്നു . 15 അംഗ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ 15 പേരാണ് ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി അംഗങ്ങൾ. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ് പിന്നീട് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. വിജയിച്ച സ്ഥാനാർത്ഥികൾ എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തി . ഫലമറിയാൻ നിരവധി ആളുകളാണ് ഇന്ത്യൻ സ്കൂൾ മസ്കറ്റ് പരിസരത്തു തടിച്ചു കൂടിയത് .