വീസ പുതുക്കാന്‍ കഴിയാതെ ഒമാനില്‍ കുടുങ്ങിപ്പോയ തൃശൂര്‍ സ്വദേശി 22 വര്‍ഷത്തിന് ശേഷം നാടണഞ്ഞു. കേച്ചേരി സ്വദേശിയായ ഗോപി അത്താണിക്കലാണ് കൊച്ചിയിലേക്കുള്ള ഒമാന്‍ എയറില്‍ നാട്ടിലേക്ക് തിരിച്ചത്. 1984ല്‍ ഒമാനിലെത്തിയ ഇദ്ദേഹം ജീവിതം കരുപ്പിടിപ്പിച്ചു വരവേ അപ്രതീക്ഷിത കാരണങ്ങളാല്‍ 1998ന് ശേഷം വീസ പുതുക്കാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു.

പലവട്ടം പൊതുമാപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലും നാട്ടില്‍ പോകാതെ പിടിച്ചു നില്‍ക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുടുംബത്തിന്റെ പ്രാരാബ്ധങ്ങളായിരുന്നു. മാസങ്ങള്‍ക്ക് മുൻപ് അല്‍ ജെര്‍ദ്ദ എന്ന സ്ഥലത്തുണ്ടായ പരിശോധനക്കിടെ ഇയാള്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇബ്രയിലെ കൈരളി പ്രവര്‍ത്തകനായ പ്രകാശന്റെയും സംഘത്തിന്റെയും നിരന്തര ഇടപെടല്‍ വഴി എംബസിയുടെ സഹായത്തോടെയാണ് ഗോപിയെ നാട്ടിലയച്ചത്.

കസ്റ്റഡിയില്‍ ആകുന്ന ഘട്ടത്തില്‍ അദ്ദേഹം കടുത്ത രോഗാവസ്ഥയിലായിരുന്നു. ഒരു ഘട്ടത്തില്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. ഈ സമയത്തൊക്കെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിലും യാത്രയ്ക്കുള്ള തടസ്സങ്ങള്‍ നീക്കുന്നതിലും ഒമാന്‍ പൊലീസിന്റെയും എമിഗ്രേഷന്‍ ലേബര്‍ വകുപ്പുകളുടെയും ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് കൈരളി പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *