വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴി​യൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ കഴിയുന്ന നോൺ റസിഡന്റ് ഇന്ത്യക്കാർക്കാണ് അവരുടെ ഇന്റർനാഷണൽ ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പേയ്മെന്റിന് സാഹചര്യമൊരുങ്ങുന്നത്.

സിംഗപൂർ, യു.എസ്, ആസ്​ത്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇന്ത്യൻ ഫോൺനമ്പറിന്റെ സഹായമില്ലാതെ തന്നെ യു.പി.ഐ പേയ്മെന്റ് ​ചെയ്യാൻ വഴിയൊരുങ്ങുന്നത്.

എൻ.ആർ.ഇ/ എൻ.ആർ.ഒ അക്കൗണ്ടുകളും ഇന്റർനാഷണൽ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് പേയ്മെന്റ് സൗകര്യം ലഭ്യമാക്കുകയെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

എൻ.ആർ.ഇ അക്കൗണ്ടുകൾ വിദേശ പണം ഇന്ത്യയിലേക്ക് അയക്കുന്നതിനും എൻ.ആർ.ഒ അക്കൗണ്ടുകൾ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് ഇന്ത്യയിലെ വരുമാനം കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നവയാണ്.

പേയ്മെന്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഇങ്ങനെ ട്രാൻസാക്ഷൻ നടക്കുന്ന അക്കൗണ്ടുകൾ വിദേശ വിനിമയ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനും ഇവ ഉപയോഗിക്കുന്നില്ലെന്നും ബാങ്കുകൾ ഉറപ്പുവരുത്തണം എന്നത് മാത്രമാണ് നിബന്ധന.

Leave a Reply

Your email address will not be published. Required fields are marked *