അറേബ്യൻ ഗൾഫ് കപ്പിലെ നിർണ്ണായക ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് ഒമാൻ സെമിഫൈനലിലേക്കു കുതിച്ചു കയറി .
ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇരു ടീമുകൾക്കും നിർണ്ണായകമായിരുന്നു . എന്നാൽ ഒരു സമനില നേടിയാൽ പോലും സെമിഫൈനലിൽ പ്രവേശിക്കാം എന്ന് ഉറപ്പുണ്ടായിരുന്ന ഒമാൻ ആക്രമിച്ചു തന്നെയാണ് കളിച്ചതു മുപ്പത്തിനാലാം മിനിറ്റിൽ മന്ദർ അലാവിയിലൂടെ ലീഡ് നേടിയ ഒമാൻ വീണ്ടും ആക്രമണം അഴിച്ചു വിട്ടു .
എന്നാൽ നാല്പത്തിയൊന്നാം മിനിറ്റിൽ തുർക്കി അൽ മന്ദറിലൂടെ സൗദി ഗോൾ മടക്കി . ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ നേടിയിരുന്നു . രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു . എന്നാൽ എൺപത്തിനാലാം മിനിറ്റിൽ ഹരീബ് അൽ സാദി നേടിയ ഗോളിലൂടെ ഒമാൻ നിർണ്ണായക ലീഡ് നേടി .
ഇതോടെ സെമിഫൈനൽ പ്രവേശനം ഉറപ്പിച്ച ഒമാൻ പിന്നീട് പ്രതിരോധം ശക്തമാക്കി . ഗോൾ തിരിച്ചടിക്കാൻ സൗദി പരമാവധി ശ്രമിച്ചു എങ്കിലും ഒമാൻ ഗോൾ കീപ്പർ ഇബ്രാഹിം വിലങ്ങു തടിയായി നിന്നു . ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യെമനെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെടുത്തിയ ഇറാഖും സെമി ഫൈനലിൽ പ്രവേശിച്ചു .
ഒമാനും, ഇറാഖിനും ഏഴു പോയിന്റ് വീതമാണ് ലഭിച്ചതെങ്കിലും ഗോൾ ശരാശരിയിൽ ഇറാഖ് ഗ്രൂപ്പ് ചാമ്പ്യന്മാരായി . ഇന്ന് നടക്കുന്ന ഗ്രൂപ്പ് ” ബി ‘ അവസാന മത്സരങ്ങൾ കൂടി കഴിഞ്ഞാലേ ജനുവരി 16 ന് നടക്കുന്ന സെമി ഫൈനലിൽ ഒമാന്റെ എതിരാളികൾ ആരെന്നു അറിയാൻ കഴിയൂ . മിക്കവാറും ബഹ്റൈൻ ആയിരിക്കും ഒമാന്റെ എതിരാളി.