വിദേശ നിക്ഷേപകർക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസിനും കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന ഫീസിളവുകൾ ഒഴിവാക്കി. ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങൾക്ക് 2021 ആദ്യത്തിലെ നിരക്കുകൾ തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കൊമേഴ്സ്യൽ രജിസ്ട്രേഷനുള്ള നിരക്കുകൾ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31വരെ ഈ നിരക്കുകൾ തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും ലൈസൻസ് പുതുക്കുന്നതിനും 3000 റിയാലിന് പകരം 96 റിയാലായിരുന്നു ഈടാക്കിയിരുന്നത്.

ഇളവ് ഒഴിവാക്കിയതോടെ ജൂൺ ഒന്നുമുതൽ വീണ്ടും ഫീസ് 3000 റിയാലിലെത്തും. എന്നാൽ ഈ മാസം ഒന്നു മുതൽ രജിസ്ട്രേഷൻ ഫീസുകൾ ഉയർത്തിയതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കോവിഡ് മഹാമാരി കാരണം 2021 മാർച്ച് ഒമ്പതിനാണ് അധികൃതർ ഫീസിളവ് പ്രഖ്യാപിച്ചത്. എന്നാൽ പഴയ നിരക്കുകൾ പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. ഒമാനി ബിസിനസുകാരിൽ നിന്ന് വിദേശ നിക്ഷേപകരെക്കാർ കൂടുതൽ ഫീസുകൾ ഈടാക്കിയെന്ന വാർത്തയും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *