"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാന്റെ 2023 വാര്‍ഷിക ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അംഗീകാരം നല്കി. സര്‍ക്കാരിന്റെ മൊത്തം ചെലവഴിക്കല്‍ 11.350 ബില്യന്‍ ഒമാന്‍ റിയാല്‍ ആയിരിക്കും. ബജറ്റ് കമ്മി 130 കോടി റിയാല്‍ ആയിരിക്കും.
എണ്ണയുടെ ശരാശരി വില കണക്കാക്കിയത് ബാരലിന് 94 ഡോളര്‍ എന്നാണ്. ഇതുവഴി 14.234 ബില്യന്‍ റിയാല്‍ വരുമാനമുണ്ടാകും. ചെലവാകട്ടെ 13.88 ബില്യന്‍ റിയാലും. മിച്ചമാകുന്നത് 1.146 ബില്യന്‍ റിയാല്‍ ആയിരിക്കും. ബജറ്റ് പ്രകാരം മൊത്തം വരുമാനം 11.650 ബില്യന്‍ റിയാല്‍ ആയിരിക്കും. ശരാശരി പ്രതിദിന എണ്ണ ഉത്പാദനം ദിവസം 1.175 മില്യന്‍ ബാരല്‍ ആയിരിക്കും.
2023 വര്‍ഷം 450 കോടി റിയാല്‍ ആണ് നിക്ഷേപിക്കുക. ഇതില്‍ 110 കോടി ബജറ്റില്‍ നിന്നും 190 കോടി ഒമാനി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെതും 150 കോടി എനര്‍ജി ഡെവലപ്മെന്റ് ഒമാനി (ഇഡിഒ)ന്റെതുമായിരിക്കും. പരിഗണനയിലുള്ള ഇന്റഗ്രേറ്റഡ് ഗ്യാസ് കമ്പനിയായിരിക്കും പ്രകൃതി വാതക വില്‍പ്പന, സ്വത്ത്- പുറത്തേക്ക് നല്‍കുന്നത് കൈകാര്യം ചെയ്യല്‍, പ്രകൃതി വാതകം വാങ്ങള്‍, കയറ്റുമതി, ഇറക്കുമതി എന്നിവയുടെയെല്ലാം ഉത്തരവാദിത്വം. എനര്‍ജി ഡെവലപ്മെന്റ് ഒമാന്റെ രീതിയിലായിരിക്കും പ്രവര്‍ത്തനം.
വിവിധ ഗവര്‍ണറേറ്റുകളില്‍ 15 സ്കൂളുകള്‍, ചില പ്രവിശ്യകളില്‍ നിരവധി ആരോഗ്യ കേന്ദ്രങ്ങള്‍, ഇരട്ട- സര്‍വീസ് റോഡുകള്‍, പ്രകൃതി പാര്‍ക്കുകള്‍, അണക്കെട്ടുകള്‍, മഹുത് വിലായതില്‍ മത്സ്യബന്ധന തുറമുഖം എന്നിവ നിര്‍മിക്കുകയാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികള്‍. അതേസമയം, 2023ല്‍ ആദായ നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാറ്റ് നിരക്ക് വര്‍ധിപ്പിക്കുകയുമില്ല.