ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. 18 പേർ പത്രിക സമർപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ പകുതിയോളം പേർ മലയാളികളാണ്. ഡിസംബർ 22ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തുവിടും.

അന്തിമ സ്ഥാനാർഥി പട്ടികയൽ ഇടം പിടിക്കുന്ന സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ www.indianschoolsboardelection.org
വെബ്‌സൈറ്റിൽ പങ്കുവെക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രക്ഷിതാക്കൾക്ക് ഇതുവഴി സ്ഥാനാർത്ഥികളെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും. സ്ഥാനാർഥികൾ നൽകുന്ന വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച ശേഷമാകും വെബ്‌സൈറ്റിൽ നൽകുക.

അതേസമയം, നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. രക്ഷിതാക്കളെ നേരിൽ കണ്ടും വാട്സ്ആപ്പ്, ഫേസ് ബുക്ക് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വഴിയും പ്രചരണങ്ങൾ നടക്കുന്നു. തിരഞ്ഞെടുപ്പിലേക്കിനി ഒരു മാസത്തിലേറെയുണ്ടെങ്കിലും നേരത്തെ വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. വാഗ്ദാനങ്ങളും മറ്റും നൽകി വോട്ടുകൾ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും.
വോട്ടർപട്ടിക ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിനും വെബ്‌സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഷമീർ പി ടി കെ, നിധീഷ് കുമാർ, സിജു തോമസ്, ഡോ. സജി ഉതുപ്പാൻ, സാം ഫിലിപ്പ്, കൃഷ്ണേന്ദു, അജയ് രാജ് തുടങ്ങിയവരാണ് മത്സര രംഗത്തുള്ള മലയാളികൾ. ചിലരുടെ ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെ പത്രിക സമർപ്പിച്ചവരിൽ കൂടുതൽ മലയാളികളാണ്. നിലവിലെ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, സയിദ് സൽമാൻ എന്നിവർ നാമനിർദേശ പത്രിക സ്വീകരിച്ചിട്ടുണ്ട്.
ജനുവരി 21ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ്. കാലത്ത് എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സാമൂഹിക മാധ്യമങ്ങൾ അടക്കമുള്ള ഉപയോഗപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *