മസ്‌കത്ത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ പ്രാവുകൾക്കും മറ്റും ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും നൽകുന്നതിൽ നിയന്ത്രണവുമായി മസ്‌കത്ത് നഗരസഭ. വിവിധ ഇടങ്ങളിലാണ് പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചു കൊണ്ട് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ ഭാഷകളിൽ ഇതിൽ മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതേസമയം, പൊതുസ്ഥലത്ത് പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് സംബന്ധമായി പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ട്വിറ്റർ വഴിയാണ് മസ്‌കത്ത് നഗരസഭ ആളുകളുടെ നിലപാട് തേടിയത്

പൊതു സ്ഥലങ്ങളിൽ പക്ഷികൾക്ക് തീറ്റനൽകുന്നത് പൊതുജന ആരോഗ്യത്തെ പ്രതകൂലമായി ബാധിക്കുന്നതായും പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും അധികൃതർ നിരീക്ഷിക്കുന്നു. ഇത്തരം മേഖലകൾക്ക് ചുറ്റും താമസിക്കുന്നവർക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നു. പൊതുജനങ്ങൾ നേരത്തെ തന്നെ ഇത്തരത്തിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്നതിൽ സമ്മിശ്ര അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്.

റൂവി, അൽ ഖുവൈർ, മസ്‌കത്ത്, വാദി കബീർ, ബൗശർ, ഗുബ്ര, സീബ് തുടങ്ങി തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ പക്ഷികൾക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ നൽകുന്നത് സാധാര കാഴ്ചയാണ്. പ്രാവുകളാണ് ഇത്തരത്തിൽ തീറ്റ തേടി എത്തുന്നവരിൽ ഭൂരിഭാഗവും. ചില ചെറു പക്ഷികളും ചിലപ്പോൾ ഇവിടങ്ങളിൽ കാണാം. ചിലയിടങ്ങളിൽ ചെറു സംഘങ്ങളായാണ് പക്ഷികളെത്തുന്നതെങ്കിൽ റൂവിയിലെ മസ്‌കത്ത് സെക്യൂരിറ്റി മാർക്കറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് വലിയ എണ്ണം പ്രാവുകളെ കാണാം.

സ്വദേശികളും വിദേശികളും ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമായി എത്തുന്നു. വാഹനങ്ങളിലും മറ്റുമായി ദിവസവും നിരവധി പേർ ദൂര സ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ ഭക്ഷ്യ സഞ്ചികളുമായി എത്തുന്നു. ഇവരുടെ വരവിനായി കാത്ത് നൂറ് കണക്കിന് പ്രാവുകൾ പരിസരത്തങ്ങളിൽ കൂട്ടമായുണ്ടാകും. കൂട്ടമായി പ്രാവുകൾ പറന്നിറങ്ങുന്നതും പറന്നുയരുന്നതുമൊക്കെ മനോഹരമായ കാഴ്ചയാണ്. ഇവ പകർത്താനും ആളുകളെത്തുന്നു. ഇത്തരത്തിൽ പ്രാവുകളുടെ എണ്ണം വർധിക്കുകയും ഇവയുടെ കാഷ്ഠവും തുവലുകളും ദുർഗന്ധമുയർത്തുകയും ചെയ്യുന്നു. ഇതിനെതിരെ സമീപത്തെ താമസക്കാർ പലപ്പോഴും പരാതി ഉയർത്താറുണ്ട്. പരിസരത്തെ കെട്ടിടങ്ങളിൽ പക്ഷികൾ വന്നിരിക്കുന്ന് കൂടുമ്പോഴും ദുർഗന്ധമുണ്ടാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *