മബേല ഇന്ത്യൻ സ്കൂളിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ അല്‍ സീബ് ഷൂറ കൗണ്‍സില്‍ അംഗം ഖാസിം ബിന്‍ മര്‍ഹൂണ്‍ ബിന്‍ മുഹമ്മദ് അല്‍ അമിരി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍സ് ഒമാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് വൈസ് ചെയര്‍മാന്‍ സയദ് സല്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍സ് ഒമാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് ഡയറക്ടറും മബേല ഇന്ത്യൻ സ്ക്കൂള്‍ ഡിഐസിയുമായ എം. അംബുജാക്ഷന്‍, ഇന്ത്യന്‍ സ്‌കൂള്‍സ് ഒമാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് മുന്‍ ചെയര്‍മാന്‍ വില്‍സണ്‍ ജോർജ്, മബേല സ്‌കൂള്‍ മാനേജ് മെന്റ് പ്രസിഡന്റ് എസ്. സുജിത് കുമാര്‍, മബേല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍, ബോര്‍ഡ് അംഗങ്ങള്‍, ഇതര സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാര്‍, സ്‌ക്കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു.

സിബിഎസ്‌സി ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികള്‍, ഉയര്‍ന്ന മാര്‍ക്കു വാങ്ങാന്‍ പ്രാപ്തരാക്കിയ അധ്യാപകര്‍, അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച സ്വദേശീയരായ സ്റ്റാഫ് അംഗങ്ങള്‍, പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. കൂടാതെ മികച്ച അധ്യാപകര്‍ക്കുള്ള നവീന്‍ ഖാസിം പുരസ്‌കാരം ലഭിച്ച അധ്യാപകരെയും, അറിവിന്റെ മേഖലകളിലും കലാ കായിക മേഖല കളിലും തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയ വിദ്യാർഥികളെയും വേദിയില്‍ അനുമോദിച്ചു.

മബേല സ്‌ക്കൂള്‍ മാനേജ് മെന്റ് പ്രസിഡന്റ് എസ്. സുജിത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിച്ചു. തുടർന്നു നടന്ന കലാവിരുന്ന് ഏറേ ശ്രദ്ധേയമായി. സംഗീത മാന്ത്രികന്‍ എ. ആര്‍. റഹ്മാന്റെ പ്രശസ്തഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ‘റഹ്മാനിയ’ കണ്ണിനും കാതിനും കുളിര്‍മയേകി. എഴുന്നൂറ്റി അമ്പതിലധികം വിദ്യാർഥികള്‍ പങ്കെടുത്ത വ്യത്യസ്ത കലാപരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *