മത്സര രംഗത്തേക്ക് കൂടുതൽ മലയാളികൾ
ഇന്ത്യൻ സ്കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പ്രചരണം ആരംഭിച്ച് സ്ഥാനാർഥികൾ. പത്തിൽ അധികം പേർ ഇതിനോടകം നാമനിർദ്ദേശ പത്രിക സ്വീകരിച്ചു.
ഇവരിൽ പകുതിയും മലയാളികളാണ്. ചിലർ പത്രിക സമർപ്പിക്കുകയും ചെയ്തു. ഡിസംബർ 16ന് ഉച്ചക്ക് ഒരു മണിവരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. വോട്ടർപട്ടിക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം, പത്രിക സമർപ്പിച്ചവരും അടുത്ത ദിവസങ്ങളിൽ സമർപ്പിക്കാനിരിക്കുന്നവരും പ്രചരണവും വോട്ടുറപ്പിക്കലും ആരംഭിച്ചു കഴിഞ്ഞു. രക്ഷിതാക്കളെ നേരിൽ കണ്ടും വാട്സ്ആപ്പ്, ഫേസ് ബുക്ക് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വഴിയും പ്രചരണങ്ങൾ നടക്കുന്നു. പ്രത്യേക പ്രചരണ ക്യാമ്പയിനുകളും സ്ഥാനാർഥികൾ നടത്തിവരുന്നു. തിരഞ്ഞെടുപ്പിലേക്കിനി ഒരു മാസത്തിലേറെയുണ്ടെങ്കിലും നേരത്തെ വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം.
ഷമീർ പി ടി കെ, നിധീഷ് കുമാർ, സിജു തോമസ്, ഡോ. സജി ഉതുപ്പാൻ, സാം ഫിലിപ്പ്, കൃഷ്ണേന്ദു എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. വരും ദിവസങ്ങളിൽ കൂടുതൽ മലയാളികൾ മത്സര രംഗത്ത് എത്താനുമിടയുണ്ട്.
നിലവിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിൽ അംഗങ്ങളായ സിറാജ് നെഹ്ലാട്ട്, അംബുജാക്ഷൻ എന്നീ മലയാളികൾ ഇത്തവണ മത്സര രംഗത്തില്ല. എന്നാൽ, നിലവിലെ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, സയിദ് സൽമാൻ എന്നിവർ നാമനിർദേശ പത്രിക സ്വീകരിച്ചിട്ടുണ്ട്.
ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക സ്വീകരിക്കുന്നത്. ഡിസംബർ 22ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തുവിടും.
ജനുവരി 21ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ്. കാലത്ത് എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തിരഞ്ഞെടുപ്പ് ദിവസം സ്കൂൾ പരിസരത്തോ പുറേത്തോ യാഥൊരു വിധ വോട്ട് പിടുത്തവും അനുവദിക്കില്ല. വാഗ്ദാനങ്ങളും മറ്റും നൽകി വോട്ടുകൾ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് സാമൂഹിക മാധ്യമങ്ങൾ അടക്കമുള്ള ഉപയോഗപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും.
രക്ഷിതാക്കൾക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിന് indianschoolsboardelection എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാനാകും.
വോട്ടവകാശം ലഭിക്കാത്തവർക്കോ പരാതി ഉള്ളവർക്കോ ബോർഡ് അതികൃതരെ അറിയിക്കാവുന്നതാണ്. ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ബാബു രാജേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങളായ കെ എം ഷക്കീൽ, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ എ അവോസായ് നായകം എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ.