മയക്കുമരുന്നുകൾ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു .മസ്കറ്റ് കെ.എം.സി.സി സീബ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അഹ്‌ലൻ സീബിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുക ആയിരുന്നു ഷാഫി ചാലിയം . ഇന്ന് കോളേജ് വിദ്യാർത്ഥികളേക്കാൾ സ്‌കൂൾ വിദ്യാർത്ഥികളാണ് മയക്കു മരുന്നുകൾ ഉപയോഗിക്കുന്നത്. ഇത്തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിദേശത്തു ആണെന്നും ഇതിനെതിരെ രക്ഷിതാക്കൾ ഏറെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെ വ്യാപക പ്രചാരണം നടത്തുന്ന വിദ്യാർത്ഥി സംഘടന എംഎസ് .എഫ് ആണ് . സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാനുള്ള അവകാശമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുക ആണെന്നും അമിതമായ സ്വാതന്ത്ര്യം സമൂഹത്തിനു അപകടമാണ് എന്ന് തീരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു .
ഇന്ന് പൊതുജന ബോധ്യത്തെ നിർണ്ണയിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾക്കു ഏറെ പങ്കുണ്ടെന്നും അതിനാൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ സൂക്ഷ്മതയോടെ ഇടപെടുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും ഏതൊരു വിഷയത്തിലും കൃത്യമായ നിലപാടാണ് മുസ്ലിം ലീഗിന് ഉള്ളതെന്നും ഷാഫി ചാലിയം പറഞ്ഞു . എല്ലാ രംഗത്തും എന്ന പോലെ രാഷ്ട്രീയത്തിലും കാലാകാലങ്ങളിൽ തലമുറ മാറ്റം ഉണ്ടാകണമെന്നും അതല്ല എങ്കിൽ പുതിയ തലമുറയുടെ ചിന്തകളെ ഉൾകൊള്ളാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീബ് സദഫ് ഹാളിൽ വെച്ച് നടന്ന പരിപാടി മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് റയീസ് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു .എംടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. റഹീം വറ്റലൂർ ,എ കെ കെ തങ്ങൾ ,ഖാലിദ് കുന്നുമ്മൽ ,അബൂബക്കർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും , സീബ് കെ.എം.സി.സിയുടെ മുൻ ഭാരവാഹികളെയും പൗര പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു . കെ.എം.സി.സി വനിതാ വിഭാഗം അംഗങ്ങളുടെ പാചക മത്സരവും ആസിഫ് കാപ്പാടിന്റെ ഗാനമേളയും അരങ്ങേറി.
അഹ്‌ലൻ സീബ് രുചിമേളയിൽ ഷബീന ഷംസീർ ഒന്നാം സ്ഥാനവും സംലീന രണ്ടാം സ്ഥാനവും ജസീന മൂന്നാം സ്ഥാനവും നേടി.ഗഫൂർ താമരശ്ശേരി സ്വാഗതവും ഉസ്മാൻ പന്തല്ലൂർ നന്ദിയും പറഞ്ഞു.