പ്രവാസികളുടെ മക്കളുടെ ഉപരിപഠനം
നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യായന വര്‍ഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആര്‍ ( എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പിനപേക്ഷിക്കുന്നവരുടെ വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.

പഠിക്കുന്ന കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുളളവരും, റഗുലര്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.

അപേക്ഷകള്‍ www.scholarship.norkaroots.org എന്ന വെബ്ബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്. ഡിസംബർ 5 മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബര്‍ 23.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (+91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ്‌സ കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

നോര്‍ക്ക ഡയറക്ടേഴസ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, നോര്‍ക്കറൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിനത്തില്‍ അനുവദിച്ചിരുന്നു. നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ യൂസഫലി, ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍, ഡോ, രവി പിളള, ജെ.കെ മേനോന്‍, സി.വി റപ്പായി, ഒ. വി മുസ്തഫ എന്നിവരാണ് പദ്ധതിക്കായി തുക സംഭാവന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *