നീളമേറിയ രാത്രി ദൈർക്യം കുറഞ്ഞ പകൽ എന്നാലും ഒമാനിൽ കാര്യമായ തണുപ്പ് വന്നിട്ടില്ല, ജബൽ ശംസിലും ജബൽ അക്ദറിലും പോലും അതിശത്യം എത്തിയിട്ടില്ല.
പകലിൽ ഇപ്പോഴും ഭൂരിഭാഗം പ്രദേശങ്ങളിലും 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. രാത്രികാലങ്ങളിലും കാര്യമായ തണുപ്പ് അനുഭവപ്പെടുന്നില്ല. എന്നാൽ, ഡിസംബർ 23 മുതൽ ഒമാനിൽ ശൈത്യകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില ഫഹൂദ്, മുദൈബി, ആദം, ഹൈമ എന്നീ പ്രദേശങ്ങളിലായിരുന്നു. 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടെ താപനില. ഏറ്റവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവ് സൈഖ്, ജബൽ അഖ്ദർ പ്രദേശങ്ങളിലായിരുന്നു. 8.5 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ താപനില രേഖപ്പെടുത്തിയതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്ത് അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് പകര്‍ച്ചപനി ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ആളുകള്‍ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.