ഖുറിയാത്തിലെ വാദി ദൈഖാഹ് അണക്കെട്ട് ഇന്ന് മുതൽ തുറക്കും. ഡിസംബർ 19 വരെയുള്ള ദിവസങ്ങളിൽ ഷട്ടറുകൾ തുറക്കുമെന്നും പ്രദേശവാസികളും സമീപ പ്രദേശങ്ങളിലെ താമസക്കാരും മുൻകരുതൽ സ്വീകരിക്കണമെന്നും കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
20 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം തുറന്നുവിടും. ഹെയിൽ അൽ ഗാഫ് മേഖലയിലെ ജനങ്ങളുടെ കൃഷിയിടങ്ങളിലും ഭൂഗർഭ ജല സംഭംരണികളിലും ജല ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അണക്കെട്ട ഷട്ടറുകൾ ഭാഗികമായി തുറക്കുന്നതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ സമയങ്ങളിൽ വാദിയിൽ നിന്ന് വിട്ടു നിൽക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒമാനിലെ ഏറ്റവും വലിയ ജലസംഭരണ കേന്ദ്രമാണ് വാദി ദൈഖാഹ് അണക്കെട്ട്. മസ്‌കത്തിൽ നിന്ന് 108 കിലോമീറ്റർ സഞ്ചരിച്ച് ഖുറിയാത്തിലെ ഗ്രാമ പ്രദേശങ്ങളിലൂടെ കടന്ന് തുറമുഖം പരിസരത്തെത്താം. വലിയ രണ്ട് പർവതങ്ങൾക്കും ഇതിനോട് ചേർന്നുള്ള കൊച്ചു മലകൾക്കും ഇടയിലായ മരുഭൂമിയിൽ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന ജലത്തെ അണക്കെട്ട് നിർമിച്ച് കെട്ടി നിർത്തി ഉപയോഗപ്പെടുത്തുകയാണ് ഇവിടെ.
മഴക്കാലമാകുന്നതോടെ മലമുകളിൽ നിന്നെത്തുന്ന ജലത്തിന്റെ തോത് വർധിക്കും. ഇത് പരിസരങ്ങളിൽ വസിക്കുന്ന ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നത് ഒഴിവാക്കുകയാണ് അണക്കെട്ട്.
എല്ലാ കാലങ്ങളിലും ജലത്തിന്റെ അളവ് ഉയർന്ന് തന്നെ നിൽക്കുമെങ്കിലും മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് ഇവിടെ. മലയിടുക്കിൽ നിന്ന് വരുന്ന വെള്ളത്തിന് പ്രത്യേകം പാതകൾ നിർമിച്ചിട്ടുണ്ട്. ഉറപ്പുള്ള പ്രതലമാണ് ഡാമിന്റെ മുകൾ ഭാഗത്ത് ഒരുക്കിയിരിക്കുന്നത്. നൂതന സംവിധാനങ്ങള്‍ എല്ലാം അടങ്ങിയതിനാല്‍ വെള്ളത്തിന്റെ ശക്തി നിയന്ത്രിക്കുന്നതിനും ആവശ്യത്തിന് അനുസരിച്ചു മാത്രം വെള്ളം തുറന്നു വിടുന്നതിനും ഡാമിലെ സൗകര്യങ്ങള്‍ പര്യാപ്തമാണ്.

