പൊതുഇടങ്ങളിലെത്തുന്നവർ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. ഇരിപ്പിടങ്ങൾ, വ്യായാമ സംവിധാനങ്ങൾ, വിനോദ സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയവ ഉപയോഗശൂന്യമാക്കുകയും പൊതുസ്ഥലത്ത് അനുമതി ഇല്ലാതെ ചിത്രങ്ങൾ വരയ്ക്കുകയും ഭക്ഷണ മാലിന്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള പ്രവണതകൾക്കെതിരെയാണ് നഗരസഭയുടെ മുന്നറിയിപ്പ്.
ഇത് നിയമലംഘനമാണെന്നും മറ്റുള്ളവർക്കും ഇത്തരം സൗകര്യങ്ങൾ അനുഭവിക്കുന്നിതനുള്ള അവസരങ്ങൾ നിഷേധിക്കുകയാണെന്നും നഗരസഭ വ്യക്തമാരക്കി. പൊതുസൗകര്യങ്ങളും സംവിധാനങ്ങളും നിലനിർത്തുന്നതിന് തെറ്റായ പ്രവണതകൾ ഒഴിവാക്കണമെന്നും ഇവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഇടപെടണമെന്നും മസ്കത്ത് നഗരസഭ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പൊതുസ്ഥലങ്ങളിൽ ബാർബിക്യു ചെയ്യുമ്പോഴും മറ്റു ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴും പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയും മസ്കത്ത് നഗരസഭ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചിനോട് ചേർന്നും മറ്റും പൊതുഇടങ്ങളിൽ ബാർബിക്യു നടത്തിയതിനെ തുടർന്ന് പുല്ല് കരിയുകയും മറ്റു കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഓർമപ്പെടുത്തി ഇവയുടെ ചിത്രങ്ങളും നഗരസഭ പുറത്തുവിട്ടിട്ടുണ്ട്.
ഉല്ലാസ യാത്രക്കിടെ അനുവദിച്ച ഇടങ്ങളിൽ മാത്രമേ ബാർബിക്യു പാടുള്ളൂ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനും പാടില്ല. മാലിന്യം നിക്ഷേപിച്ചാലോ അനുവദനീയമല്ലാത്ത ഇടങ്ങളിൽ ബാർബിക്യു തയ്യാറാക്കിയാലോ 100 ഒമാനി റിയാൽ പിഴ അടക്കേണ്ടി വരും. ഇക്കാര്യം വ്യക്തമാക്കി പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ബാർബിക്യുവിന്റെ നിയമങ്ങൾ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. പൂന്തോട്ടങ്ങൾക്കും പാർക്കുകൾക്കും പൊതുസ്ഥലങ്ങൾക്കും തീപ്പിടിത്ത ഭീഷണി തടയുന്നതിനാണിത്. പിഴക്ക് പുറമെ, വൃത്തികേടാക്കിയ ഇടങ്ങൾ നിയമലംഘകർ വൃത്തിയാക്കുകയും വേണം.
🔹العبث بالمرافق والممتلكات العامة مُخالف سلوكيًا وقانونيًا.. فــــلماذا حرمان الآخرين من حق الاستفادة منها؟#خلك_عون_وعاون #بلدية_مسقط في تجنب الظواهر السلبية،؛ لاستدامة المرافق، وتقدير الجهود المبذولة في توفيرها.. #كشتة_في_مسقط pic.twitter.com/N1zImBlaNE
— بلدية مسقط (@M_Municipality) December 1, 2022