ഒമാനി ഖഞ്ചർ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 28മുതൽ ഡിസംബർ മൂന്നുവരെ മൊറോക്കോയിൽ നടക്കുന്ന സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ പതിനേഴാമത് സെഷനിലാണ് സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തിയത്.
ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾപോലുള്ള പ്രത്യേക അവസരങ്ങളിലും ഒമാനിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഭാഗമാണ് ഖഞ്ചർ. ഒമാനി സംസ്കാരത്തിന്‍റെ പ്രധാന ഘടകമെന്ന നിലയിൽ ഇതിന്‍റെ നിർമാണത്തിന് കാര്യമായ അറിവും കഴിവും അത്യാവശ്യമാണ്.
അരക്ക് ചുറ്റുമുള്ള ബെൽറ്റിലാണ് ഖഞ്ചർ ഘടിപ്പിക്കുക. ഒമാനിന്റെ ചരിത്രവും പൈതൃകവും സംസ്കാരവുമായെല്ലാം ചേർന്നു നിൽക്കുന്നതാണ് ഖഞ്ചറുകളുടെ പ്രാധാന്യം. പരമ്പരാഗത വേഷത്തിനൊപ്പം ഖഞ്ചർ കൂടി അണിയാതെ ഒമാനികളുടെ ആചാരങ്ങളോ വിശേഷ അവസരങ്ങളോ പൂർണമാകില്ല.

