"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റാൻ ലെജൻഡ് ക്രിക്കറ്റ് ലീഗിന് ഒമാൻ വീണ്ടും വേദിയാകുന്നു. 2023 ഫെബ്രുവരി 27മുതൽ മാർച്ച് എട്ടുവരെ നടക്കുന്ന മത്സരങ്ങൾ ഒമാനിലും ഖത്തറിലുമായിരിക്കും നടക്കുക. ആദ്യ രണ്ടു പതിപ്പുകളിലെ ഉജ്വല വിജയത്തിന് ശേഷം ലെജൻഡ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് (എൽ.എൽ.സി മാസ്റ്റേഴ്സ്) എന്നപേരിലാണ് മൂന്നാം പതിപ്പ് ആരാധകരിലേക്ക് എത്തുന്നത്.
ക്രിസ് ഗെയ്ൽ, ഇയോൻ മോർഗൻ, ഗൗതം ഗംഭീർ, ഹർഭജൻ സിങ്, ഷെയ്ൻ വാട്സൺ, യൂസഫ് പത്താൻ തുടങ്ങി 60ഓളം ഇതിഹാസ താരങ്ങൾ ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നീ ടീമുകൾക്കായി പാഡണിയുമെന്നാണ് കരുതുന്നത്. ആദ്യ പതിപ്പ് മസ്കത്തിലും രണ്ടം പതിപ്പ് ഇന്ത്യയിലുമായിരുന്നു നടന്നിരുന്നത്. കോവിഡിന്റെ നിഴലിലായിട്ടും ആദ്യപതിപ്പിന് മികച്ച പ്രതികരണമാണ് ഒമാനിൽനിന്ന് ലഭിച്ചത് . ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ കാണികൾക്ക് പ്രവേശനവും ഉണ്ടാകും. ഒരുകാലത്ത് ടി.വികളിലൂടെ കണ്ടിരുന്ന താരങ്ങളെ നേരിട്ട് കാണാനുള്ള അവസരമാണ് ഒമാനിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ.
2020 ലെ ലോകകപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പായിരുന്നു ലെജൻഡ് ക്രിക്കറ്റിന്റെ പ്രഥമ പതിപ്പിന് ഒമാനെ പരിഗണിച്ചിരുന്നത്. ലോകകപ്പിനായി ഒരുങ്ങാൻ കുറച്ച് സമയമാണ് ഒമാന് ലഭിച്ചത്. എന്നാൽ അതിനുള്ളിൽതന്നെ മികച്ച സൗകര്യമൊരുക്കി ലോകമാമാങ്കം വിജയകരമായി നടത്താൻ ഒമാന് സാധിച്ചു.