"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ സിംബയോസിസ് ലീഡേഴ്‌സ് കണക്ട് 2022 എന്ന പേരിൽ നേതൃസംഗമം സംഘടിപ്പിച്ചു. നവംബർ ഇരുപത്തിയഞ്ച് വെള്ളിയാഴ്ച ബർക്ക ഫുഡ് ഹൌസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം മുനിസിപ്പാലിറ്റി ചെയർ പേഴ്സണും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹ്‌മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ. ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ സ്വാഗതം പറഞ്ഞു. ട്രഷറർ പി ടി കെ ഷമീർ വിഷയാവതരണം നടത്തി.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കൂടാതെ മസ്കറ്റ് കെഎംസിസി ക്കു കീഴിലുള്ള മുപ്പത്തിമൂന്നു ഏരിയ കമ്മറ്റികളുടെയും പ്രസിഡന്റ് , ജനറൽ സെക്രട്ടറി , ട്രഷറർ , ഹരിത സാന്ത്വനം കൺവീനർ എന്നിവരും ലീഡേഴ്‌സ് മീറ്റിൽ പങ്കെടുത്തു. അടുത്ത മൂന്നു വർഷത്തേക്കുള്ള മസ്കറ്റ് കെഎംസിസി യുടെ പ്രവർത്തന നയം രൂപീകരിക്കാൻ നടന്ന വിശദമായ ചർച്ചയിൽ വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
വിഷൻ 2025 ന്റെ ഭാഗമായി വനിതകളും വിദ്യാർത്ഥികളും, ഹരിത സാന്ദ്വനം ,പാർട്ടി/സംഘടന, സോഷ്യൽ വെൽഫെയർ, യങ് പ്രൊഫഷണൽസ് ഗ്രൂപ്പ്, സ്പോർട്സ് ആൻഡ് കൾച്ചറൽ തുടങ്ങിയ ആറോളം വിഭാഗങ്ങളിലായി വിശദമായ ചർച്ചകൾ നടന്നു. ആറ് ഗ്രൂപ്പുകളായി തിരിഞ്ഞു നടന്ന ചർച്ചയിൽ അതാത് വിഷയങ്ങളിൽ വിഷൻ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ എന്നിവ അവതരിപ്പിക്കപ്പെട്ടു.
സയ്യിദ് എ കെ കെ തങ്ങൾ ,നൗഷാദ് കക്കേരി, ഹാരിസ് പി ടി പി,ഷമീർ പാറയിൽ,നവാസ് മത്ര, അഷറഫ് കിണവക്കൽ,ഇബ്രാഹീം ഒറ്റപ്പാലം,ഷാജഹാൻ ബി എസ്, ഉസ്മാൻ പന്തല്ലൂർ , ഹുസ്സൈൻ വയനാട്, മുജീബ് കടലുണ്ടി തുടങ്ങിയവർ ഏരിയ കോഡിനേറ്റർമാരായിരുന്നു.
അവതരിപ്പിച്ച മുഴുവൻ വിഷയങ്ങളും ശ്രദ്ധയോടെ കേൾക്കുകയും എഴുതിയെടുക്കുകയും ചെയ്ത കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹ്‌മദ്
എല്ലാം അനുഭാവ പൂർവം പരിഗണിക്കുമെന്നും സദസ്സിനെ അറിയിച്ചു. മുജീബ് കടലുണ്ടി നന്ദി പ്രകാശിപ്പിച്ചു.