ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക ഡിസംബർ ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
16ന് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇവ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള ഫോം വിതരണം നവംബർ 26 മുതൽ ആരംഭിക്കും. ഡിസംബർ 22ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി നാല് ഉച്ചക്ക് ഒരു മണിവരെയാണ് നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം.
സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തുവിടും. ജനുവരി 21ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ്. കാലത്ത് എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിങ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തിരഞ്ഞെടുപ്പ് ദിവസം സ്‌കൂൾ പരിസരത്തോ പുറേത്തോ യാഥൊരു വിധ വോട്ട് പിടുത്തവും അനുവദിക്കില്ല. ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ബാബു രാജേന്ദ്രന്റെ നേതൃത്വത്തിൽ അംഗങ്ങളായ കെ എം ഷക്കീൽ, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ എ അവോസായ് നായകം എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വോട്ടർ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കൾക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിന് www.indianschoolsboardelection.org/.org എന്ന വെബ്സൈറ്റും ഇന്നലെ ലോഞ്ച് ചെയ്തു. പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാനാകും. നവംബർ 26 മുതൽ രക്ഷിതാക്കൾക്ക് ഈ സേവനം ലഭ്യമാകും.
സ്‌കുൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗ്ഗ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ ഉണ്ട്. വോട്ടർമാരുടെ പട്ടിക ഈ മാസം 26ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിന്റെ നോട്ടീസ് ബോർഡിൽ പതിക്കും. വോട്ടവകാശം ലഭിക്കാത്തവർക്കോ പരാതി ഉള്ളവർക്കോ ബോർഡ് അതികൃതരെ അറിയിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സാമൂഹിക മാധ്യമങ്ങൾ അടക്കമുള്ള ഉപയോഗപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും.
എന്നാൽ വാഗ്ദാനങ്ങളും മറ്റും നൽകി വോട്ടുകൾ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും. തികച്ചും സമാധാന പരവും സൗഹൃദ പരവുമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് ഇലക്ഷൻ കമ്മീഷൻ നടത്തുന്നത്. എതിർ സ്ഥനാർഥികളെ അതിക്ഷേപിക്കുന്നതും നിന്ദിക്കുന്നതും നിയമ വിരുദ്ധമാണ്.
ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ബാബു രാജേന്ദ്രൻ. അംഗങ്ങളായ കെ എം ഷക്കീൽ, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
![](https://inside-oman.com/wp-content/uploads/2022/11/IMG_20221124_131601-1024x648.jpg)