ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്വീഫ് ഉപ്പള, സുഹാർ ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടർ എബ്രഹാം തനങ്ങാടൻ, കിംസ് ഒമാൻ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ വി എം എ ഹകീം, എന്നിവരാണ് മത്സര രംഗത്തുള്ള മൂന്ന് മലയാളികൾ.
ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. മൂന്ന് മലയാളികളും. ഒമ്പത് പ്രവാസികളാണ് മത്സര രംഗത്തുള്ളത്. ആദ്യമായാണ് വിദേശികൾക്ക് അവസരം ലഭിക്കുന്നത്. വോട്ടേഴ്സ് രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 27ന് അവസാനിച്ചിരുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കമ്പനികൾക്കും നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ആകെ 21 സീറ്റുകളിലേക്കാണ് മത്സരം. അതോടൊപ്പം ചേംബർ ഓഫ് കോമേഴ്സിന്റെ വിവിധ ശാഖകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
21 മെംബർമാരിൽ പത്തുപേരെ വിവിധ ഗവർണറേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കും. അഞ്ച് സീറ്റുകൾ പബ്ലിക്ക് ജോയൻറ് സ്റ്റോക്ക് കമ്പനികളിൽനിന്നുള്ളവർക്കായിരിക്കും. ഒരു സീറ്റ് വിദേശ നിക്ഷേപകരുടെ പ്രതിനിധികളായ വിദേശികൾക്കായിരിക്കും. ഈ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഒമാനിൽ താമസക്കാരായിരിക്കണം. ഈ സീറ്റിലേക്ക് മലയാളികളും രംഗത്തുണ്ട്. ബാക്കിയുള്ള സീറ്റുകൾ മസ്കത്ത് ഗവർണറേറ്റിൽനിന്നുള്ളവർക്കായിരിക്കും.
ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്വീഫ് ഉപ്പള, സുഹാർ ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടർ എബ്രഹാം തനങ്ങാടൻ, കിംസ് ഒമാൻ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ വി എം എ ഹകീം, എന്നിവരാണ് മത്സര രംഗത്തുള്ള മൂന്ന് മലയാളികൾ. ഈജിപ്ത്, പാകിസ്ഥാൻ, ലബനൻ, സിറിയ പൗരൻമാരായ വിദേശി വ്യവസായികളും മത്സര രംഗത്തുണ്ട്.
ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത എല്ലാ കമ്പനികൾക്കും വോട്ടവകാശം ലഭിക്കില്ല. കമ്പനിയുടെ സ്വദേശിവത്കരണ ശതമാനം പൂർത്തിയാക്കുന്നതടക്കം നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് വോട്ടവകാശം ലഭിക്കാൻ.
വോട്ടർമാർ റിയാദ കാർഡുകളുടെ ഉടമകളായിരിക്കണം. കമ്പനിയിൽ ഒരു സ്വദേശി ജീവനക്കാരന്റെയെങ്കിലും പേര് രജിസ്റ്റർ ചെയ്തിരിക്കണം. കമ്പനികൾ ഒക്ടോബർ 31 വരെയുള്ള ഒ.സി.സി.ഐ മെംബർഷിപ് പുതുക്കിയിരിക്കണം. പബ്ലിക്ക് സ്റ്റോക്ക് കമ്പനി പ്രതിനിധികളും വിദേശ നിക്ഷേപകരുടെ വിഭാഗത്തിൽപെട്ടവരുമൊഴികെ സ്ഥാനാർഥികൾ സ്വദേശികളായിരിക്കണം. ഒമാനിൽ ആദ്യമായാണ് വിദേശികൾക്ക് ചേംബർ ഓഫ് കോമേഴ്സിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.