ഖത്വർ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ജർമൻ ടീം നാളെ ഒമാനിലെത്തുന്നത്
ഖത്വർ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജർമൻ ടീം നാളെ ഒമാനിലെത്തും. ജർമൻ ദേശീയ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജർമനിയിലും വിവിധ രാഷ്ട്രങ്ങളിലും ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങളും ടീം ടെക്നിക്കൽ സ്റ്റാഫും വിവിധ സംഘമായാണ് മസ്കത്തിലെത്തുക. നവംബർ 14 മുതൽ 18 വരെ ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് ജർമനി ടീം ക്യാമ്പ്. തുടർന്ന് ടീം ഖത്വറിലേക്ക് പറക്കും.
നവംബർ 16ന് ഒമാൻ ദേശീയ ടീമുമായി ജർമനി സന്നാഹ മത്സരം കളിക്കും. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ ബൗശർ സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് മുന്നോടിയായി ഒമാൻ ദേശീയ ടീം മസ്കത്തിൽ ക്യാമ്പ് ആരംഭിച്ചു. ഒമാൻ-ജർമനി കളി കാണുന്നതിന് ആരാധകർക്കും അവസരമുണ്ട്. മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപന കഴിഞ്ഞ ദിവസം നടന്നിരുന്നു. നൂറ് കണക്കിന് ആരാധകരാണ് ടിക്കറ്റുകൾ സ്വന്തമാക്കിയത്.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ജർമൻ ടീമിന്റെ പരിശീലനത്തിനായി മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. മേഖലയിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ട് ആണ് ബൗശറിലേത്. അതു തന്നെയാണ് ജർമൻ ടീം മുന്നൊരുക്ക ക്യാമ്പിന് മസ്കത്ത് തിരഞ്ഞെടുക്കാൻ കാരണം. ടീമിന്റെ പരിശീലനം നേരിൽ കാണാൻ ആരാധർക്ക് അവസരമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. എങ്കിലും പ്രതീക്ഷയിലാണ് ജർമൻ ടീം ഫാൻസ്.