പാസ്പോർട്ടിൽ ‘എൻട്രി’ സീൽ പതിച്ചശേഷം അതിർത്തിയിലെ സുരക്ഷാഉദ്യോഗസ്ഥർ ഫായിസിനെ ‘അവ്വൽ നഫർ’ (ഒന്നാമത്തെയാൾ) എന്ന് എന്ന് അഭിവാദ്യംചെയ്തു
തിങ്കളാഴ്ച അർധരാത്രി 12 കടന്ന സമയം. ഖത്തർ സൗദി അതിർത്തിയായ അബുസംറയിലെ ബോർഡർ കടന്ന് ആദ്യ ഹയ്യാ കാർഡ് യാത്രക്കാരനായി ഒരു മലയാളി ലോകകപ്പിന്റെ മണ്ണിലേക്ക് കാലെടുത്തുവെച്ചു. തിരുവനന്തപുരത്തുനിന്നു സൈക്കിളുമായി ലണ്ടനിലേക്കു പുറപ്പെട്ട കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലിക്കായിരുന്നു ലോകകപ്പ് നഗരിയിലേക്ക് ഹയ്യാ കാർഡുമായി ആദ്യമെത്താൻ ഭാഗ്യം ലഭിച്ചത്. ഏതാനും മിനിറ്റുകൾ നീണ്ട വിസ നടപടിക്രമങ്ങൾക്കുശേഷം, പാസ്പോർട്ടിൽ ‘എൻട്രി’ സീൽ പതിച്ചശേഷം അതിർത്തിയിലെ സുരക്ഷാഉദ്യോഗസ്ഥർ ഫായിസിനെ ‘അവ്വൽ നഫർ’ (ഒന്നാമത്തെയാൾ) എന്ന് അഭിവാദ്യംചെയ്തുകൊണ്ട് കാൽപന്ത് കളിയുടെ ആവേശ ഭൂമിയിലേക്ക് വരവേറ്റു. അങ്ങനെ, സംഘാടനത്തിലും വളന്റിയറിങ്ങിലും ഗാലറികളിലും മലയാളിത്തിളക്കമാകാൻ ഒരുങ്ങുന്ന ലോകകപ്പിലെ ആദ്യവിദേശ കാണിയെന്നറെക്കോഡും മലയാളിക്കെന്നത് അപൂർവതയായി.
കളികാണൽ മുഖ്യഅജണ്ടയല്ലെങ്കിലും ലോകകപ്പിനുള്ള മാച്ച് ടിക്കറ്റ് സ്വന്തമാക്കിയാണ് ഫായിസ് ഖത്തറിലെത്തിയത്. ഇനിയുള്ള ഏഴു ദിവസം ലോകകപ്പിന്റെ എട്ടു സ്റ്റേഡിയങ്ങളിലും ആഘോഷവേദികളിലും മറ്റുമായി സഞ്ചരിച്ചുതീർക്കാനുണ്ട്. മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുംമുമ്പ് സൗദിയിലേക്കും അതുവഴി ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തന്റെ യാത്ര ലക്ഷ്യത്തിലെത്തിക്കാനാണ് ഫായിസിന്റെ പദ്ധതി. അതിനിടയിൽ, അവസരമൊത്താൽ ലോകകപ്പ്മത്സരം കാണാൻ വരാനും പ്ലാനുണ്ടെന്ന് ഫായിസ് പറയുന്നു.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഫായിസ് തിരുവനന്തപുരത്തുനിന്ന് തന്റെ സൈക്കിളുമായി ലണ്ടനിലേക്ക്യാത്ര തുടങ്ങിയത്. മുംബൈയിലെത്തിയ ശേഷം വിമാനമാർഗം നേരെ ഒമാനിലെ മസ്കത്തിലേക്ക്. ഒമാനിൽ 10 ദിവസം സഞ്ചരിച്ചശേഷമാണ് യു.എ.ഇയിലെത്തിയത്. ഒരു മാസത്തിലേറെ അവിടെ കഴിഞ്ഞശേഷം, രണ്ടു ദിവസം മുമ്പായിരുന്നു അതിർത്തി കടന്ന് സൗദി വഴി ഖത്തറിലേക്കു നീങ്ങിയത്. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അബു സംറ അതിർത്തിയിലെത്തിയത്. ഹയ്യാ കാർഡ് വഴിയാണ് പ്രവേശനമെങ്കിൽ 12 മണിവരെ കാത്തിരിക്കാനായി അധികൃതരുടെ നിർദേശം. അങ്ങനെമൂന്നു മണിക്കൂറോളം തുടർന്നശേഷമായിരുന്നു ആദ്യ ലോകകപ്പ് എൻട്രിയായി ഫായിസും അദ്ദേഹത്തിന്റെ സൈക്കിളും ഖത്തറിന്റെ മണ്ണിലേക്ക് ഓട്ടമാരംഭിച്ചത്. കാർ, ബസ് മാർഗമുള്ള സഞ്ചാരികൾക്ക്ക്രമീകരണവുമായി കാത്തിരുന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ ആദ്യ യാത്രികനായി സൈക്കളിലൊരു ലോകസഞ്ചാരിയെത്തിയപ്പോൾ അവർക്കുംകൗതുകമായതായി ഫായിസ് പറയുന്നു.ലോക സമാധാനം, സീറോ കാർബൺ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം തുടങ്ങിയ ലക്ഷ്യവുമായി പുറപ്പെട്ട ഫായിസിന് രണ്ടു ഭൂഖണ്ഡങ്ങളിലെ 35 രാജ്യങ്ങൾ താണ്ടി 450 ദിവസംകൊണ്ട്ലണ്ടനിലെത്താനാണ് പദ്ധതി. വിപ്രോയിലെ ജോലി രാജിവെച്ച്2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ഫായിസിന്റെആദ്യ യാത്ര. അസ്മിന് ഫായിസാണ് ഭാര്യ. മക്കള്: ഫഹ്സിന് ഉമർ, അയ്സിന് നഹേൽ.