രാജ്യ സഭാംഗം ജോൺ ബ്രിട്ടാസ് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തി.


ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗുമായി രാജ്യ സഭാംഗം ജോൺ ബ്രിട്ടാസ് കൂടിക്കാഴ്ച നടത്തി . ഇന്ത്യൻ എംബസിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച . ഒമാനിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും സന്ദർശക വിസയിൽ എത്തുന്ന ഗാർഹിക തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നതെന്നും, ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസയിൽ ഒമാനിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ട് വരികയും പിന്നീട് അവർക്ക് ജോലിയോ താമസമോ നൽകാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നു ജോൺ ബ്രിട്ടാസ് അംബാസഡറോട് പറഞ്ഞു .

ഫോട്ടോ : വി കെ ഷഫീർ

അതോടൊപ്പം ഇത്തരത്തിൽ പ്രയാസത്തിൽ ആകുന്നവരെ താമസിപ്പിക്കുന്ന ഷെൽട്ടർ സംവിധാനം വിപുലപ്പെടുത്തണമെന്നും എം.പി. ആവശ്യപെട്ടു . ഇക്കാര്യങ്ങൾ എല്ലാം എംബസ്സിയുടെ ശ്രദ്ധയിൽ ഉണ്ടെന്നും എംബസി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അംബാസഡർ മറുപടി നൽകി . ഇത്തരത്തിൽ പെട്ടുപോയ നാനൂറോളം പേരെ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഇന്ത്യൻ എംബസി മുൻ കയ്യെടുത്തു നാട്ടിലേക്ക് എത്തിച്ചതായും അംബാസഡർ അറിയിച്ചു . സന്ദർശക വിസയിൽ ഗൾഫിൽ എത്തി പിന്നീട് ദുരിതത്തിൽ ആകുന്ന ഗാർഹിക തൊഴിലാളികളുടെ വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഇത് കേന്ദ്ര വിദേശ കാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും ബ്രിട്ടാസ് അറിയിച്ചു .

ഏതൊരു ഇന്ത്യക്കാരനും അംബാസഡറെ നേരിട്ട് കണ്ട് പരാതികൾ ബോധിപ്പിക്കാനുള്ള ഓപ്പൺ ഹൗസ് സംവിധാനം ‌ ഉൾപ്പെടെ എംബസി നടത്തുന്ന സാമൂഹിക ക്ഷേമ നടപടികൾ ഏറെ സ്വാഗതാർഹമാണെന്ന് ജോൺ ബ്രിട്ടാസ് ഇന്ത്യൻ അംബാസഡറെ അറിയിച്ചു . ലോക കേരള സഭാംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗവുമായ പി എം ജാബിറും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *