24 സീറ്റുള്ള മിനി ബസുകളാണ് സർവിസ് നടത്തുന്നത്

ഒമാനിലെ പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് റുവി കേന്ദ്രീകരിച്ച് ടൗൺ സർവിസ് ആരംഭിച്ചു . റുവി നഗരത്തിലെ വിവിധ പോയന്റുകളിൽ കൂടിയാണ് ബസ് കടന്നുപോവുക . ഇത് റുവി ടൗണിൽ ജീവിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും . നിലവിൽ റുവി ടൗൺ കേന്ദ്രീകരിച്ച് ടാക്സി സർവിസ് പോലും ഇല്ലാത്തതിനാൽ നഗരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റു ഭാഗത്തേക്ക് ടാക്സി എൻഗേജ്മെന്റ് ചെയ്യേണ്ട അവസ്ഥ യായിരുന്നു . ഇതിന് ഉയർന്ന നിരക്കും നൽകേണ്ടി വരും . അതിനാൽ താഴ്ന്ന വരുമാനക്കാർക്ക് നടന്നുപോവുകതന്നെയായിരുന്നു ശരണം . പുതിയ ടൗൺ സർവിസിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

റൂവി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ബസിന്റെ ആദ്യ സ്റ്റോപ് റുവി ടാക്സി പോയന്റിലാണ് . റുവി കമേഴ്സ്യൽ ഏരിയ , അൽ വലജ സ്കൂൾ , ബലദിയ്യ സ്ട്രീറ്റ് ,റൂവി സൂഖ് , ഹില്ലത്ത് അൽ ആലിയ , ഹംരിയ്യ റൗണ്ട് എബൗട്ട് , ഹംരിയ്യ , ഹൈസ്ട്രീറ്റ് എന്നീ പോയന്റിൽ നിർത്തി ആളെയെടുത്ത് തിരിച്ചുവരുകയാണ് ചെയ്യുന്നത് . നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന കുറഞ്ഞ വരുമാനക്കാരെ ഉദ്ദേശിച്ചാണ് സർവിസ് ആരംഭിച്ചതെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു .

പൊതുജനങ്ങളുടെ സൗകര്യം മാനിച്ച് രാത്രി വൈകുന്നത് വരെ സർവിസ് ഉണ്ടായിരിക്കും . ഓരോ നാലു മിനിറ്റിലും സർവിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി . ഇത്തരം സർവിസുകൾ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *