ചൂട് കുറഞ്ഞ് തണുത്ത കാലാവസ്ഥയിലേക്ക് ഒമാൻ മാറി തുടങ്ങിയതോടെ പകർച്ചപ്പനിയും വ്യാപകമാകുന്നു. മലയാളികളടങ്ങുന്ന പ്രവാസികൾ ഉൾപ്പടെ നിരവധി പേർ ദിവസങ്ങൾക്കിടെ ചികിത്സ തേടിയെത്തിയതായി ഒമാനിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ കേസുകൾ കൂടുതലാണ്. പ്രതിരോധ കുത്തിവെപ്പെടുത്തും മുൻകരുതൽ സ്വീകരിച്ചും യഥാസമയം ചികിത്സിച്ചും വൈറൽ പനി അഥവാ സീസണൽ ഇൻഫ്ലുവന്സ നമുക്ക് പ്രതിരോധിക്കാനാകും.
പനി, ചുമ, ജലദോഷം, ശ്വാസംമുട്ടൽ എന്നിവ മൂലം പ്രയാസം നേരിടുന്നവർ വർധിച്ചുവരികയാണ്. കുട്ടികളും കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടി. പനിയും ജലദോഷവും ദിവസങ്ങളോളം തുടരുന്നതായാണ് കണ്ടുവരുന്നത്. തുടർച്ചയായി ആന്റി ബയോട്ടിക്കുകൾ കഴിക്കുന്നത് വലിയ ക്ഷീണമുണ്ടാക്കുന്നു. ഭക്ഷണങ്ങളിൽ മാറ്റം വരുത്തിയും ഊർജം നൽകുന്ന ഭക്ഷ്യ വസ്തുക്കൾ കഴിച്ചുമാണ് ക്ഷീണത്തെ മറി കടക്കുന്നത്.
സ്‌കൂളുകളിൽ നേരിട്ട് ക്ലാസുകളിൽ ഉള്ളതിനാൽ കുട്ടികൾക്കിടയിൽ പനി പടരുന്നത് ഒഴിവാക്കാൻ പ്രത്യേക കരുതൽ വേണം. കുട്ടികളെ മാസ്ക് ധരിപ്പിച്ചു സ്കൂളിൽ വിടുന്നതാണ് നല്ലത്. രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. കുടുംബങ്ങളായി താമസിക്കുന്നവരിലും ബാച്ച്ലേഴ്സ് മുറികളിലും വൈറൽ പനിയെ തൊട്ട് പ്രതിരോധം ഒരുക്കണം. ആരോഗ്യ പ്രശ്നങ്ങളുള്ളവർ, വയോധികർ എന്നിവരുടെ കാര്യത്തതിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഒരാൾക്കു വന്നാൽ മറ്റുള്ളവർക്ക് പെട്ടുന്ന ബാധിക്കാൻ സാധ്യത ഏറെയാണ്.
ജലദോഷം, ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയാണ് കാലാവസ്ഥാ മാറ്റത്തിന് പിന്നാലെ കാണപ്പെടുന്ന പ്രധാന രോഗങ്ങൾ. കടുത്ത പനിയും ശരീര വേദനയുമാണ് പ്രധാന രോഗലക്ഷണങ്ങൾ. ക്ഷീണമോ ചുമയോ ആയി തുടങ്ങുന്ന രോഗം അതിവേഗം മൂർഛിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ജലദോഷവും ഉണ്ടെങ്കിൽ ആവി പിടിക്കുന്നതും ഉപ്പിട്ട ചൂടുവെള്ളം കൊണ്ടു ഗാർഗിൾ ചെയ്യുന്നതും നല്ലതാണ്.