"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ലേബർ കേസിൽ ഇന്ത്യക്കാരന് റെക്കോർഡ് തുക നഷ്ടപരിഹാരം നൽകാൻ മസ്കത്ത് പ്രൈമറി കോടതി വിധി. മുഴുവൻ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാതെ പിരിച്ചുവിട്ടതിനെതിരെ മംഗളൂരു സ്വദേശി രംനാഥ് രത്നഗിരി പാർത്ഥൻ ലേബർ കോടതിയിൽ നൽകിയ പരാതിയിലാണ് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്. വിവിധ വകുപ്പുകളിലായി 136,780 റിയാൽ (മൂന്ന് കോടിയോളം രൂപ) കമ്പനി ഇയാൾക്ക് നൽകേണ്ടത്.
ഒമാനിലെ സ്വകാര്യ സ്ഥാപനത്തിൽ 14 വർഷത്തോളം ജോലി ചെയ്തിരുന്ന രംനാഥ് രത്നഗിരി പാർത്ഥനെ കഴിഞ്ഞ വർഷമാണ് കമ്പനി പിരിച്ചു വിട്ടത്. അവസാന വർഷം ശമ്പളത്തിന്റെ 20 ശതമാനം പിടിച്ചുവെക്കുകയും അവധിക്കാല വേതനം, ഗ്രാറ്റ്വിറ്റി ഇവയൊന്നും നൽകാനും കമ്പനി തയാറായിരുന്നില്ല. തുടർന്നാണ് ഖാലിദ് അൽ വഹൈബി അഡ്വക്കേറ്റ്സ് ആന്റ് ലീഗൽ കൺസൾട്ടൻസിലെ അഡ്വ. എം കെ പ്രസാദ് മുഖേന കമ്പനിക്കെതിരെ രംനാഥ് രത്നഗിരി കേസ് ഫയൽ ചെയ്തത്.
പിടിച്ചുവെച്ച ശമ്പളം, അവധിക്കാല വേതനം, ഗ്രാറ്റ്വിറ്റി, നഷ്ടപരിഹാരം, ലോയർ ചാർജ് ഉൾപ്പെടെയാണ് 136,780 റിയാൽ നൽകാൻ മസ്കത്ത് പ്രൈമറി കോടതി ഉത്തരവിട്ടിരിക്കുന്നത്. തൊഴിൽ കേസുകളിൽ നഷ്ടപരിഹാരമായി വിധിക്കുന്ന ഉയർന്ന തുകയിൽ ഒന്നാണിതെന്ന് അഡ്വ. എം കെ പ്രസാദ് പറഞ്ഞു. ശമ്പളവും കരാർ പ്രകാരമുള്ള ആനുകൂല്യങ്ങളും കമ്പനികളിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ ഇവ തൊഴിലാളിക്ക് ലഭ്യമാക്കുന്നതിന് ഒമാൻ തൊഴിൽ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ട്. ഇതേ കുറിച്ച് അജ്ഞരാകുന്ന പലർക്കും പലപ്പോഴും നിയമം വഴി ഇവ നേടിയെടുക്കാൻ സാധിക്കാതെ വരുന്നതായും അഡ്വ. എം കെ പ്രസാദ് പറഞ്ഞു.