എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെ സഊദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ 24 മണിക്കൂറും ഇനി വാണിജ്യ ട്രക്കുകൾക്ക് ഗതാഗതം അനുവദിക്കുമെന്ന് സഊദി അറേബ്യയിലെ ഒമാൻ എംബസി അറിയിച്ചു. അതിർത്തി ചെക്ക് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ 12 മണിക്കൂർ ആയിരുന്നു ട്രക്കുകൾക്ക് സർവിസ് നടത്താൻ അനുമതി ഉണ്ടായിരുന്നത്. സഊദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ്, കഴിഞ്ഞ ദിവസം സഊദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാൻമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെക്ക്‌പോസ്റ്റ് 24 മണിക്കൂറും തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും തീരുമാനമെടുക്കുകയുമായിരുന്നു.
24 മണിക്കൂറും ട്രക്കുകൾക്ക് യാത്രാനുമതി നൽകുന്നത് ഇരുരാജ്യങ്ങളിലേയും ചരക്ക് നീക്കം കൂടുതൽ സുഗമമാക്കും.
പാസ്പോർട്ട്, റസിഡൻസ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നിലവിൽ എംറ്റി ക്വാർട്ടർ അതിർത്തിയിൽ നൽകിവരുന്നുണ്ട്. ഇതിനായി വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് അതിർത്തിയിൽ സജ്ജീകരിച്ചിട്ടുള്ളത്. ഒമാൻ – സഊദി റോഡ് വഴി ഈ വർഷം ഇതിനകം നാല് ലക്ഷത്തോളം പേർ യാത്ര ചെയ്തായി ഗതാഗത, വാർത്താ വിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി നേരത്തെ അറിയിച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനകം യാത്രക്കാരുടെ എണ്ണവും ചരക്ക് കടത്തും മൂന്നിരട്ടി വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം ടണ്ണോളം ചരക്ക് നീക്കവും ഈ വർഷം സെപതംബർ ആദ്യവാരംവരെ നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *