"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മുഹമ്മദ് നബി മനുഷ്യരുടെ മാത്രം നേതാവല്ലെന്നും സകല ചരാചരങ്ങുളുടെയും നേതാവാണെന്നും ഒമാനി പൗര പ്രമുഖൻ ഷെയ്ഖ് ജമീൽ പറഞ്ഞു. മബേല കെഎംസിസി മാനേജ്മന്റ് നടത്തുന്ന ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ നബിദിന ആഘോഷ പരിപാടിയായ മെഹ്ഫിലെ മീലാദ് 2022 ഇൽ മുഖ്യ പ്രഭാഷകനായി മബേല അഫ്റ പാലസ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷമ, സഹനം , പ്രതീക്ഷ എന്നിങ്ങനെയുള്ള നബിയുടെ സ്വഭാവങ്ങളാണ് നാം ഉൾക്കൊള്ളേണ്ടത്. ഇവിടെയിരിക്കുന്ന പിഞ്ച് കുട്ടികളുടെ വാക്കിൽ നിന്നും നാം അത് കേട്ട് പഠിക്കുകയും വേണമെന്ന് പ്രവാചകന്റെ ചരിത്ര പശ്ചാത്തലങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്തുത്യർഹമായ സേവനം ചെയ്യുന്ന കെ എം സി സി യെ അദ്ദേഹം അഭിനന്ദിച്ചു. ദഫിന്റെ അകമ്പടിയോടുകൂടെയുള്ള പ്രൗഢഗംഭീരമായ സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തെ അനുഗമിച്ച ഒമാനി ഗായകൻ യഹ്യ സുലൈമാൻ അറബിയിലുള്ള പ്രവാചക മദ്ഹ് ഗാനം ആലപിച്ചു.
പൊതുസമ്മേളനം മസ്ക്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉൽഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷൻ സയ്യിദ് എ കെ കെ തങ്ങൾ അധ്യക്ഷനായിരുന്നു.അഷറഫ് പോയിക്കര സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ മബേല കെഎംസിസി വൈസ് പ്രസിഡന്റ് അറഫാത് വിശിഷ്ട അതിഥിക്കുള്ള മൊമെന്റോ സമർപ്പിച്ചു, മദ്രസ്സ സദർ മുഅല്ലിം മുസ്തഫ റഹ്മാനി മദ്രസ്സ അധ്യാപകരായ അഷറഫ് ബാഖവി, യൂസഫ് ബാഖവി, അബ്ദുൽ ഖാദർ മൗലവി എന്നിവർ അദ്ദേഹത്തിൽ നിന്നും മികച്ച അധ്യാപർക്കുള്ള മൊമന്റോകൾ ഏറ്റുവാങ്ങി.
കോവിഡ് കാലത്തെ മികച്ച സേവനത്തിനു സി കെ വി റാഫി, മികച്ച പൊതു പ്രവർത്തനത്തിന് ഇബ്രാഹിം ഒറ്റപ്പാലം, ഇസ്മായിൽ പുന്നോൾ, യാക്കൂബ് തിരൂർ എന്നിവർക്കുള്ള മൊമന്റോകളും ഷെയ്ഖ് ജമീൽ കൈമാറി. മദ്രസ്സ കുട്ടികളുടെ കൈയെഴുത്തു മാഗസിനും അദ്ദേഹം പ്രകാശനം ചെയ്തു.
മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാമത്സരങ്ങൾക്ക്കൊപ്പം ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ, ബുർദ മജ്ലിസ് തുടങ്ങിയ പരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളുടെ സ്റ്റേജ് ഓഫ് സ്റ്റേജ് മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫി ഒന്നാം സ്ഥാനം നേടിയ ഖുർത്തുബ ഹൗസ് ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
നിറഞ്ഞൊഴുകിയ സദസ്സ് കൊണ്ട് ശ്രദ്ധേയമായ പരിപാടി സമയബന്ധിതമായി പൂർത്തിയാക്കിയതും ശ്രദ്ധേയമായി.