ഡോളർ കുതിക്കുന്നു, വിനിമയ നിരക്ക് 215ലേക്ക് കടക്കുമെന്ന് സൂചന
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിനിമയ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഒരു റിയാലിന് 213.25 രൂപയാണ് ഇന്നലെ ഒമാനിലെ ധന വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഞായറാഴ്ച വൈക്കീട്ട് വരെ ഈ നിരക്ക് ലഭിക്കും. നാട്ടിലേക്ക് പണമയക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ മുഹൂർത്തമാണിത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യു എസ് ഡോളർ സൂചിക (ഡോളർ ഇൻഡക്സ്) 20 വർഷത്തിലെ ഉയർന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മാത്രമല്ല മറ്റ് പ്രധാന കറൻസികളുടെയും മൂല്യം കുത്തനെ ഇടിയുകയാണ്. യൂറോ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വിലനിലവാരത്തിലെത്തി. യുദ്ധം തുടരുന്നതും ആഗോള മാന്ദ്യവും മറ്റ് രാജ്യാന്തര സംഭവ വികാസങ്ങളും ഡോളറിനെ അതിശക്ത കറൻസിയായി മാറ്റുന്നു.
ഇന്ത്യയിലാകട്ടെ എണ്ണയുടേയും മറ്റ് സാധനങ്ങളുടെ ഇറക്കുമതിയും രൂപയെ സമ്മർദ്ദത്തിലാക്കുന്നു.
വിദേശ സ്ഥാപക നിക്ഷേപകർ ഓഹരി വിപണിയിൽ വില്പനക്കാരാകുന്നതും പ്രശ്നം വഷളാക്കുന്നുണ്ട്. യുദ്ധം തുടരുന്നതും, ഒപെക് രാജ്യങ്ങളുടെ എണ്ണ വിലയിലും, ഉൽപ്പാദനത്തിലും എടുക്കുന്ന തീരുമാനങ്ങളും രൂപയെ വരും ദിവസങ്ങളിലും സ്വാധീനിക്കും.
അതുകൊണ്ടുതന്നെ വൈകാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തിയേക്കും. ഒമാനി റിയാലുമായുള്ള വിനിമയത്തിൽ 215 രൂപക്ക് മുകളിലും നിരക്കെത്തിയേക്കും. സർവകാല ഉയർച്ചയിൽ നിൽക്കുന്ന വിനിമയ നിരക്കിൽ വലിയ മുതലെടുപ്പ് നടത്തുകയാണ് പ്രവാസികൾ. പൊതു, സ്വകാര്യ മേഖലകളിലുള്ളവർക്ക് ശമ്പളം ലഭിക്കുന്ന ദിവസങ്ങളിൽ തന്നെ വിനിമയ നിരക്കുയർന്നതും ഗുണകരമായി.
അതേസമയം, രൂപയുടെ മുല്യമിടിച്ചിൽ തുടർന്നാൽ, നാട്ടിലേക്ക് പണമയക്കുന്നവർ വർധിക്കുമെന്ന മണി എക്സ്ചേഞ്ചുകളും പ്രതീക്ഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുന്നുവെന്ന വാർത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികളിലെ ചർച്ചാ വിഷയം. പ്രവാസികള് പലരും പണം സ്വരൂപിച്ച് ഉയർന്ന വിനിമയ നിരക്ക് മുതലെടുക്കാനുള്ള ശ്രമത്തിലുമാണ്.