"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാൻ സന്ദർശനത്തിനു തുടക്കമായി. മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ എത്തിയ മന്ത്രിക്ക് അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ‘ഇന്ത്യ-ഒമാൻ: ഒരു രാഷ്ട്രീയയാത്ര’ എന്ന തലക്കെട്ടിൽ ഇന്ത്യൻ ആർടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മുരളീധരൻ നിർവഹിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി അടക്കം മുതിർന്ന പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ന്യൂസ് ഏജൻസി അധികൃതരുമായി മന്ത്രി കരാർ ഒപ്പുവച്ചു. വാർത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റത്തിന് ഇന്ത്യയും ഒമാനും ധാരണയായി. ധാരണപ്രകാരം ഇന്ത്യൻ വാർത്ത ഏജൻസിയായ എ.എൻ.ഐയും ഒമാൻ ന്യൂസ് ഏജൻസിയും ഇരുരാജ്യങ്ങളുടെയും വാർത്തകളും വിവരങ്ങളും കൈമാറും. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളെ തമ്മിൽ കൂടുതൽ മനസിലാക്കുന്നതിനും ഈ കരാർ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. നാളെ വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്. വി. മുരളീധരന്റെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്.