"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ലോകകപ്പിനായി ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്ന കാണികൾ ശ്രദ്ധിക്കുക. ഖത്തറിേലക്ക് പുറപ്പെടും മുേമ്പ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 48 മണികൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലമോ, അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിലെ റാപിഡ് ആൻറിജൻ പരിശോധനാ ഫലമോ കൈയിൽ കരുതണം. ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ രാജ്യത്തേക്ക് വിമാന യാത്ര അനുവദിക്കൂ.
യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ ഫലം കാണിച്ച ശേഷമേ യാത്ര ആരംഭിക്കാൻ കഴിയൂ. ആറു വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് പരിശോധന വേണമെന്നാണ് നിർദേശം. ആഗസ്റ്റ് 31ന് നിലവിലുള്ള ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ യാത്രാ നയം തന്നെയാവും ലോകകപ്പ് വേളയിലും ബാധകമാവുക. ഖത്തറിലെത്തിയ ശേഷം ക്വാറൻറീനോ, കോവിഡ് പരിശോധനയോ ആവശ്യമില്ലെന്നും നിർദേശിച്ചു.
18ന് മുകളിൽ പ്രായമുള്ള എല്ലാ സന്ദർശകരും കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് (EHTERAZ) മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം. കോവിഡ് ബാധിതൻ അല്ലെന്ന് തെളിയിക്കുന്ന ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കു മാത്രമാവും പൊതു ഇടങ്ങളിലേക്കും മറ്റും പ്രവേശനം അനുവദിക്കൂ. എല്ലാവർക്കും ആരോഗ്യ പരിചരണവും ചികിത്സയും ഉറപ്പു നൽകുന്നുണ്ടെങ്കിലും സന്ദർശകർ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ട്രാവൽ ഇൻഷുറൻസ് എടുക്കാൻ അധികൃതർ നിർദേശിച്ചു.