"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ ഭരണം കാലം തൊട്ടേ സുൽത്താനേറ്റുമായി അടുത്ത ബന്ധം കാത്തൂസൂക്ഷിച്ചിരുന്ന വ്യക്തിയെയാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒമാന് നഷ്ടമായത് . ഊഷ്മളമായ ബന്ധമാണ് അവർ കാത്തു സൂക്ഷിച്ചിരുന്നത്.
നാൽപതാമാത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എലിസബത്ത് രാജ്ഞി ഒമാൻ സന്ദർശിച്ചിരുന്നു. സുൽത്താൻ ഖാബൂസിന്റെ വിയോഗവാർത്ത വളരെ വേദനയോടെയായിരുന്നു രാജ്ഞി സ്വീകരിച്ചത്. രാജ്യത്തിന്റെ വികസനവും ജനങ്ങളോടുള്ള കരുതലും സുൽത്താൻ ഖാബൂസിനെ എന്നും ഓർമകളിൽ നിലനിർത്തുമെന്നും അവർ അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനുമായി നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിനും മുൻകൈ എടുത്ത വ്യക്തിയുമായിരുന്നു എലിസബത്ത് രാജ്ഞി. ഇത് വർഷങ്ങളായി ഒമാനും യു കെയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നതിന് കാരണമായി. വ്യാപാരം, വിദ്യാഭ്യാസം, സംസ്‌കാരം, പ്രതിരോധം, നയതന്ത്രം എന്നീ മേഖലകളിൽ ഒമാനും യുനൈറ്റഡ് കിങ്ഡവും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഉയർന്നതോതിലുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാനായി ഇരുരാഷ്ട്രങ്ങളും ജനുവരിയിൽ ധാരണയിലെത്തിയിരുന്നു. ലണ്ടനിൽ നടന്ന ചടങ്ങിൽ യു.കെയുടെ ഇൻവെസ്റ്റ്‌മെന്‍റ് ഓഫിസും ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രത്തിൽ യു.കെയുടെ നിക്ഷേപമന്ത്രി ലോർഡ് ജെറി ഗ്രിംസ്റ്റോണും ഒമാൻ ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി പ്രസിഡന്‍റ അബ്ദുസ്സലാം അൽ മുർഷിദിയുമാണ് കരാറിൽ ഒപ്പിട്ടത്.
ഡിസംബറിൽ ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനായി എത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനു വിൻഡ്സർ കാസിൽ കൊട്ടാരത്തിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയിരുന്നത്.