രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ഒമാനി റിയാലിന് 201.75 രൂപ വരെയാണ് ഇന്നലെ എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു താണതോടെ റിയാലിനെതിരെ വിനിമയ നിരക്കുയർന്നു. റെക്കോർഡ് നിരക്കാണ് ഇന്നലെയും ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകൾ നൽകിയത്. ഞായറാഴ്ച വരെ നിലവിലെ നിരക്ക് ലഭിക്കും. സാഹചര്യം മുതലെടുത്ത് നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികൾ. പണമയയ്ക്കാൻ പറ്റിയ സമയമായാണ് പ്രവാസിതൊഴിലാളികൾ കണക്കുകൂട്ടുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ്, പണപ്പെരുപ്പം, ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. യുഎസ് ഡോളറിനെതിരേ സർവകാല ഇടിവിലേക്കാണ് ഇന്ത്യൻ രൂപ പൊയ്‌ക്കോണ്ടിരിക്കുന്നതെന്നാണ് റിപോർട്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നേരത്തെ 77.79 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യം 77.78 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. ഒമാനി റിയാലിനെതിരെ രൂപയുടെ മൂല്യം 201.75 രൂപയായും യു എ ഇ ദിർഹത്തിനെതിരെ 21.18 രൂപയായും ഇടിഞ്ഞു.
എണ്ണവില 13 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ചൈനയുടെ കയറ്റുമതി വർധിക്കുന്നതും ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ ലോക്ക്ഡൗൺ പിൻവലിച്ചതും എണ്ണ വിലയെ ബാധിച്ചു.
ഇന്ത്യൻ ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വിപണി കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
മാസത്തിലെ ആദ്യ ദിവസങ്ങളിൽ 201 രൂപക്ക് മുകളിൽ വിനിമയ നിരക്ക് ലഭിച്ചത് പ്രവാസികളെ സന്തോഷിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 201 രൂപയിൽ അധികമാണ് ഒമാനി റിയാലുമായുള്ള വിനിയമ നിരക്ക്. വരും ദിവസങ്ങളിൽ നിരക്കുയർന്നേക്കുമെന്നും സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിനായി കാത്തിരിക്കുന്ന പ്രവാസികളും നിരവധിയാണ്.