രാജ്യത്ത് പകലിനു ചൂടു കൂടി. രാത്രിയിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അസഹ്യതയും വർധിച്ചു. കാലാവസ്ഥാമാറ്റം പുറം ജീവിതത്തെ പൊള്ളിക്കുമ്പോൾ കെട്ടിടങ്ങൾക്കകത്ത് എയർ കണ്ടീഷണറിന്റെ തണുപ്പാണ് വീടുകളിലും ഓഫീസ്, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലിസ്ഥലങ്ങളിലെയും ആശ്വാസം.


എന്നാൽ, പുറത്ത് ജോലി ചെയ്യുന്നവർ കഠിനമായ ചൂടിൽ വെന്തുരുകുന്നു. കനത്ത ചൂടിൽനിന്നുള്ള മോചനത്തിനായി ഏർപെടുത്തിയ മധ്യാഹ്ന വിശ്രമ നിയമമാണ് നിർമാണമേഖലയിലെയും മറ്റും തൊഴിലാളികൾക്ക് ആശ്വാസമാകുന്നത്. ഈ സമയത്ത് വിശ്രമം നൽകാതെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളിൽ 45നും 47നുമിടയിൽ അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് റുസ്താഖിലാണ്, 47 ഡിഗ്രി സെൽഷ്യസ്. നഖൽ, അൽ-അവബി, ഖൽഹത്ത്, സമാഈൽ എന്നിവിടങ്ങളിൽ 46 ഡിഗ്രിസെൽഷ്യസ് ചൂടും അനുഭവപ്പെട്ടു. രാജ്യത്ത് വരും ദിവസങ്ങളിൽ താപനില 50ന് മുകളിൽ കടക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

സൂര്യഘാതമടക്കമുള്ളവ ഏൽക്കാതിരിക്കാൻ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അന്തരീക്ഷം ഈർപ്പം കനക്കുന്നതിനുകൂടി പകലിലെ വഴിവെക്കുന്നതോടെ പുറത്തെ ജീവിതം കൂടുതൽ ദുസ്സഹമാകും. മുൻ വർഷങ്ങളിലേതിൽനിന്നും വ്യത്യസ്തമായ നേരിയ മാറ്റം ഈ വർഷം ചൂട് കൂടാൻ സാധ്യതയുണ്ട്. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളാണ് പ്രധാന വേനൽകാലമായി കണക്കാക്കുന്നത്. ഈ വർഷത്തെ റമസാൻ വ്രതകാലം ചൂടു ഉയരുന്നതിന് മുമ്പായിരുന്നു.


പുറത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാതിരിക്കാനും ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാനും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മതിയായ വെള്ളം കുടിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. പ്രഥമശുശ്രൂഷാ സാമഗ്രികൾ, വിശ്രമസ്ഥലം എന്നിവ സജ്ജീകരിക്കണമെന്നും വിശ്രമ നിയമം കർശനമായി നടപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *