പുതുക്കിയ തൊഴിൽ പെർമിറ്റ് നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തൊഴിൽ വിപണിയിൽ ഉണർവ്വ്. കുറഞ്ഞ നിരക്കിൽ വിസ ലഭ്യമാകുന്ന സാഹചര്യത്തിൽ പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും കാലാവധി കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് കമ്പനികൾ. നിരക്കിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പോർട്ടലും നവീകരിച്ചിട്ടുണ്ട്.
ജൂൺ ഒന്ന് മുതലാണ് പരിഷ്‌കരിച്ച വിസാ നിരക്ക് പ്രാബല്യത്തിൽ വന്നത്.

സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസാ നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ട്. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും നിലവിലുള്ളവരുടെ വിസ പുതുക്കുന്നതിനും ചെലവ് കുറഞ്ഞു. 301 റിയാലാണ് ഏറ്റവും ഉയർന്ന വിസാ നിരക്ക്. കുറഞ്ഞ നിരക്ക് 101 റിയാലും.
പുതിയ വിസാ നിരക്കുകൾ റിക്രൂട്ട്‌മെന്റുകൾ സജീവമാക്കുകയും പ്രാസികൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളിൽ നരവധി പേർ തൊഴിൽ തേടുകയാണ്. ജോലി നോക്കി മലയാളികൾ ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് മടങ്ങിയെത്തിയവരും ഏറെയാണ്. ഇവർക്കെല്ലാം പുതിയ വിസാ നിരക്ക് ഗുണകരമാകും.


വിദഗ്ധ മേഖലകളിലും ഉയർന്ന തസ്തികകളിലും ഉൾപ്പെടെ വർക്ക് പെർമിറ്റ് നിരക്കിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ മാനേജർ, സ്‌പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിൽ 2,000 റിയാൽ വരെ ആയിരുന്നു തൊഴിൽ പെർമിറ്റ് നിരക്ക്. ഇത്രയും തുക മുടക്കി വിസ പുതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിരവധി പ്രവാസികളാണ് കഴിഞ്ഞ മാസങ്ങൾ നാടണഞ്ഞത്. ചിലർ തൊഴിൽ പെർമിറ്റ് നിരക്ക് കുറഞ്ഞ തസ്തികകളിലേക്ക് മാറുകയും ചെയ്തു.


എന്നാല്‍, വിസ പുതുക്കാൻ കാത്തിരുന്നവർ നിരവധിയാണ്. ഇവർക്ക്, പുതുക്കിയ നിരക്കിൽ വിസ പുതുക്കി ലഭിക്കും എന്നത് ഏറെ ആശ്വസകരമാകും. പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴകൾ സെപ്തംബർ ഒന്ന് വരെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ വിസാ കാലാവധി കഴിഞ്ഞ് പുതുക്കാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ പിഴ കൂടാതെ തന്നെ വിസ പുതുക്കാൻ സാധിക്കുന്നു.


വിസ നിരക്കുകൾ കുറയുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പോർട്ടൽ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രാലയത്തിൽ നിന്നുള്ള ഇ- സേവനങ്ങൾ ഒരു ദിവസം നിർത്തിവെച്ചിരുന്നു. പുതിയ തൊഴിൽ പെർമിറ്റ് എടുക്കുന്നവരും വിസ പുതുക്കുന്നവരും വർധിച്ചതോടെ ഇത് സംബന്ധമായ സേവന മേഖലകളിലെല്ലാം തിരക്ക് വർധിച്ചിട്ടുണ്ട്. മന്ത്രാലയം പോർട്ടൽ വഴിയും സേവനങ്ങൾ സുഗമാമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *